IND VS ENG: രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും..., കോഹ്‌ലിക്ക് പകരം ടീം പരിഗണിക്കുക പണ്ട് ചവിട്ടി പുറത്താക്കിയവനെ; അർഹിച്ച അംഗീകാരമെന്ന് ആരാധകർ

ഇന്ത്യൻ ക്രിക്കറ്റ് ടീം താരം വിരാട് കോഹ്‌ലി ടെസ്റ്റിൽ നിന്ന് വിരമിക്കാൻ പദ്ധതിയിടുന്നത് അജിങ്ക്യ രഹാനെയുടെ ടീമിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയേക്കാം എന്ന് റിപ്പോർട്ടുകൾ. 2023 ജൂലൈയിൽ അവസാന ടെസ്റ്റ് കളിച്ച രഹാനെ കഴിഞ്ഞ ഒരു വർഷമായി സെലക്ടർമാരുടെ പരിഗണനയ്ക്ക് പുറത്തായിരുന്നു. എന്നിരുന്നാലും, രോഹിത് ഇല്ലാതെയും ഒരുപക്ഷേ വിരാട് ഇല്ലാതെയും ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോകുമെന്നത് കണക്കിലെടുക്കുമ്പോൾ, മധ്യനിരയിൽ പരിചയസമ്പന്നനായ ഒരു ബാറ്റ്‌സ്മാൻ ടീമിന് ആവശ്യമാണ്.

ഇന്ത്യൻ ടീമിൽ ഇപ്പോഴും ഒരു സ്ഥാനത്തിനായി കാത്തിരിക്കുന്ന ഏറ്റവും പരിചയസമ്പന്നനായ ബാറ്റ്സ്മാൻമാരിൽ ഒരാളാണ് രഹാനെ. ഏകദേശം രണ്ട് വർഷമായി ടെസ്റ്റ് ടീമിൽ നിന്ന് പുറത്തിരുന്നെങ്കിലും, മുംബൈ ബാറ്റ്സ്മാൻ ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നത് തുടരുകയാണ്. കോഹ്‌ലി പോയതിനുശേഷം ഇന്ത്യ അന്വേഷിക്കുന്ന സ്ഥിരതയുള്ള മധ്യനിര ഓപ്ഷൻ അദ്ദേഹമാകാം.

85 ടെസ്റ്റുകളിൽ കളിച്ചിട്ടുള്ള രഹാനെ 5077 റൺസുമായി 38.46 ശരാശരിയിൽ ആണ് കളിക്കുന്നത്. ഇതിൽ 26 സെഞ്ച്വറികളും 26 അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ, 201 മത്സരങ്ങളിൽ നിന്ന് 14,000 റൺസും 45.16 ശരാശരിയും അദ്ദേഹത്തിനുണ്ട്. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്തയുടെ നായകൻ എന്ന നിലയിൽ തിളങ്ങിയ രഹാനെ 12 മത്സരങ്ങളിൽ നിന്ന് 375 റൺ നേടിയിട്ട് ഉണ്ട്.

ചുരുക്കി പറഞ്ഞാൽ നിലവിൽ കോഹ്‌ലിയും രോഹിതും ഇല്ലാത്ത ഒരു പര്യടനം വരുമ്പോൾ അവിടെ രഹാനെ പോലെ ഒരു പരിചയസമ്പത്തുള്ള താരത്തെ ടീമിന് ആവശ്യമാണ്.