IND vs ENG: 'എത്ര മത്സരങ്ങൾ കളിക്കുന്നു എന്നതലിലല്ല...': അഞ്ചാം ടെസ്റ്റ് കളിക്കാൻ ബുംറയ്ക്ക് മേൽ സമ്മർദ്ദം

ഇം​ഗ്ലണ്ടിനെതിരായി അ‍ഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിന് ഒരുങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ ഇപ്പോൾ ചില ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഒന്നിലധികം പരിക്കുകളും, ജസ്പ്രീത് ബുംറയുടെ ജോലിഭാരവുമാണ് അതിൽ പ്രധാനപ്പെട്ടവ. ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ തുടക്കത്തിൽ സ്റ്റാർ പേസർ അഞ്ച് ടെസ്റ്റുകളിൽ മൂന്നെണ്ണത്തിൽ മാത്രമേ താൻ കളിക്കൂ എന്ന് പറഞ്ഞിരുന്നു. ബുംറ ഇതിനകം മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും, പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം പരമ്പര നിർണയിക്കുന്ന പോരാട്ടമായതിനാൽ താരം കളിക്കാൻ നിർബന്ധിതനാകും.

നാലാം ടെസ്റ്റിൽ ബുംറ അധികം ബോൾ ചെയ്തിട്ടില്ലാത്തതിനാൽ, ഓവലിൽ ബുംറ കളിക്കണമെന്ന് മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര പറയുന്നു. പരമ്പര ഇന്ത്യയ്ക്ക് മുന്നിലുള്ളതിനാൽ, ബുംറയെ ഉൾപ്പെടുത്തുന്നത് വലിയ ഉത്തേജനമാകുമെന്ന് അദ്ദേഹം കരുതുന്നു, പ്രത്യേകിച്ച് ഋഷഭ് പന്ത് വരാനിരിക്കുന്ന മത്സരത്തിൽ നിന്ന് പുറത്തായതിനാൽ. ബുംറ എത്ര മത്സരങ്ങൾ കളിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല, എത്ര ഓവർ എറിയുന്നു എന്നതിനെ ആശ്രയിച്ചാണ് ജോലിഭാരം കൈകാര്യം ചെയ്യേണ്ടതെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.

“ഇവിടെ നിന്ന് ബോളിംഗ് ആക്രമണത്തിന് എന്ത് സംഭവിക്കും? ഋഷഭ് പന്തിനെ ഒഴിവാക്കി. അതിനാൽ ധ്രുവ് ജൂറൽ കളിക്കും, അത് സ്ഥിരീകരിച്ചു. ബോളർമാരിൽ ആർക്കും പരിക്കില്ലെന്നും എല്ലാവരും ലഭ്യമാണെന്നും ഗൗതം ഗംഭീർ ഇപ്പോൾ പറഞ്ഞിട്ടുണ്ട്. ജസ്പ്രീതിന്റെ ജോലിഭാര മാനേജ്മെന്റിനെക്കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. പക്ഷേ മൂന്നാം ടെസ്റ്റിൽ ഇന്ത്യ ഒരു തവണ മാത്രമേ പന്തെറിഞ്ഞിട്ടുള്ളൂ,” അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലെ പറഞ്ഞു.

Read more

“ആദ്യ, അവസാന ദിവസങ്ങളിൽ നമ്മൾ പന്തെറിഞ്ഞില്ല. 2-ാം ദിവസവും 3-ാം ദിവസവും നമ്മൾ പന്തെറിഞ്ഞു, 4-ാം ദിവസവും കുറച്ചുമാത്രം. ബുംറ ഓവലിൽ കളി കളിക്കണോ എന്നത് വലിയ ചോദ്യമാണ്. എത്ര മത്സരങ്ങൾ കളിക്കണം എന്നതല്ല വർക്ക്‌ലോഡ് മാനേജ്മെന്റ്. നിങ്ങൾ എത്ര ഓവറുകൾ എറിയുന്നു എന്നതിനെക്കുറിച്ചായിരിക്കണം അത്.” ചോപ്ര കൂട്ടിച്ചേർത്തു.