IND vs ENG: ഇംഗ്ലണ്ട് സൂപ്പര്‍താരം പരമ്പര ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി

വ്യക്തിപരമായ കാരണങ്ങളാല്‍ സ്പിന്നര്‍ രെഹാന്‍ അഹമ്മദ് ഇംഗ്ലണ്ട് ടീം വിട്ടു, അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് കളിക്കാന്‍ താരം തിരിച്ചെത്തില്ല. റാഞ്ചിയില്‍ നടക്കുന്ന നാലാം മത്സരത്തില്‍ താരത്തിന് പകരം ഷൊയ്ബ് ബഷീര്‍ ടീമിലിടം പിടിച്ചു. പാകിസ്ഥാനെതിരെ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇംഗ്ലണ്ടിനായി നാല് ടെസ്റ്റുകളില്‍നിന്ന് ലെഗ് സ്പിന്നര്‍ 18 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

ഇന്ത്യയ്ക്കെതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് 11 വിക്കറ്റുകളാണ് രെഹാന്‍ നേടിയത്. നേരത്തെ, ഹാരി ബ്രൂക്ക് വ്യക്തിപരമായ കാരണങ്ങളാല്‍ പരമ്പര ആരംഭിക്കുന്നതിന് മുമ്പ് തന്നെ പിന്മാറിയിരുന്നു. അതേസമയം മുതിര്‍ന്ന സ്പിന്നര്‍ ജാക്ക് ലീച്ച് ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു.

രാജ്കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെ ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലാണ്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 28 റണ്‍സിന് വിജയിച്ചതിന് പിന്നാലെ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 106 റണ്‍സിന് വിജയിച്ചു പരമ്പരയില്‍ ഒപ്പമെത്തിയിരുന്നു.

അതേസമയം, ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. മാര്‍ക്ക് വുഡിന് വിശ്രമം അനുവദിച്ചതിനാല്‍ പേസര്‍ ഒല്ലി റോബിന്‍സണ്‍ ടീമിലിടം പിടിച്ചു. രാജ്കോട്ട് കോമ്പിനേഷനില്‍ നിന്ന് ഇന്ത്യ ടീമില്‍ ഒരു മാറ്റം വരുത്തി. പേസ് ബോളര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ച് മീഡിയം പേസര്‍ ആകാശ് ദീപ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു.