ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, രക്ഷകന്റെ കുപ്പായം തയിപ്പിച്ച് പന്ത്

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 100 തികയും മുമ്പ് മൂന്ന് മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി. നായകന്‍ കെ.എല്‍ രാഹുല്‍ (22), ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (20), സൂപ്പര്‍ താരം വിരാട് കോഹ്‌ലി (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ മൂന്നിന് 85 റണ്‍സെന്ന നിലയിലാണ്. 12* റണ്‍സെടുത്ത് ചേതേശ്വര്‍ പുജാരയും 29* റണ്‍സുമായി റിഷഭ് പന്തുമാണ് ക്രീസില്‍. ബംഗ്ലാദേശിനായി തയ്ജുല്‍ ഇസ്ലാം രണ്ട് വിക്കറ്റും ഖലില്‍ അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ കെ.എല്‍ രാഹുല്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് സ്പിന്നര്‍മാരെ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്നര്‍മാര്‍.

പേസര്‍മാരായി ഉമേഷ് യാദവും മുഹമ്മദ് സിറാജും ടീമിലിടം നേടി. ഇടവേളക്ക് ശേഷം ടീമിലേക്ക് വിളിയെത്തിയ ജയദേവ് ഉനദ്ഘട്ടിന് ടീമില്‍ ഇടംനല്‍കിയില്ല.

ഇന്ത്യ ഇലവന്‍- കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ആര്‍. അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

ബംഗ്ലാദേശ് ഇലവന്‍- സക്കീര്‍ ഹസന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, യാസിര്‍ അലി, മുഷ്ഫിഖര്‍ റഹിം, ഷക്കീബ് അല്‍ ഹസന്‍, ലിറ്റന്‍ ദാസ്, നൂറുല്‍ ഹസന്‍, മെഹതി ഹസന്‍ മിറാസ്, തയ്ജുല്‍ ഇസ്ലാം, ഖലീദ് അഹമ്മദ്, ഇബാദത്ത് ഹൊസൈന്‍.