പലതവണ താന്‍ കാസ്റ്റിങ് കൗച്ചിന് ഇരയായിട്ടുണ്ടെന്ന് നടി സുര്‍വീന്‍ ചൗള. ബോളിവുഡ്, തെന്നിന്ത്യന്‍ സംവിധായകരില്‍ നിന്നും നേരിട്ട മോശം അനുഭവങ്ങളാണ് സുര്‍വീന്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു സംവിധായകന്‍ തന്നെ ചുംബിക്കാന്‍ ശ്രമിച്ചുവെന്നും മറ്റൊരാള്‍ ട്രാന്‍സ്‌ലേറ്ററെ വച്ച് കൂടെ കിടക്കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് സുര്‍വീന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
”മുംബൈയിലെ വീര ദേശായി റോഡില്‍ വച്ചുണ്ടായ അനുഭവം പറയാം. സംവിധായകന്റെ ഓഫീസ് ക്യാബിനില്‍ വച്ച് ഒരു മീറ്റിങ് നടന്നു. അതിന് ശേഷം എന്നെ യാത്രയാക്കാന്‍ ഗേറ്റ് വരെ അദ്ദേഹം വന്നു. കാര്യങ്ങള്‍ എങ്ങനെ പോകുന്നുവെന്നും എന്റെ ഭര്‍ത്താവ് എന്തു ചെയ്യുന്നുവെന്നും സംവിധായകന്‍ ചോദിച്ചു. ഇക്കാര്യങ്ങളെല്ലാം ക്യാബിനില്‍ വച്ച് നേരത്തേതന്നെ സംസാരിച്ചതായിരുന്നു.”
”വാതിലിന് അടുത്തെത്തിയപ്പോള്‍ അയാള്‍ എന്നെ ചുംബിക്കാന്‍ ശ്രമിച്ചു. എനിക്ക് അയാളെ തള്ളി മാറ്റേണ്ടി വന്നു. ഞാന്‍ ഞെട്ടിപ്പോയി, നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചു. എന്നിട്ട് ഞാന്‍ അവിടന്ന് ഇറങ്ങിപ്പോയി. വിവാഹശേഷമായിരുന്നു ഈ സംഭവം” എന്നാണ് സുര്‍വീന്‍ ഹൗട്ടര്‍ഫ്‌ളൈക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
”ഒരു ദക്ഷിണേന്ത്യന്‍ സംവിധായകന്‍ ഷൂട്ടിങ് സമയത്ത് എനിക്കൊപ്പം കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടു. അയാള്‍ക്ക് ഹിന്ദിയോ ഇംഗ്ലീഷോ സംസാരിക്കാന്‍ അറിയില്ല. ആ സംവിധായകന്‍ പരിഭാഷകനെ ഉപയോഗിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതൊന്നും ഒറ്റപ്പെട്ട സംഭവമായിരുന്നില്ല” എന്നാണ് സുര്‍വീന്‍ പറയുന്നത്.
Read more
അതേസമയം, നേരത്തെ ബോഡി ഷെയ്മിങ്ങിന് ഇരയായതിനെ കുറിച്ചും സുര്‍വീന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, പഞ്ചാബി ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സുര്‍വീന്‍ ഹേറ്റ് സ്റ്റോറി 2 എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടുന്നത്. ക്രിമിനല്‍ ജസ്റ്റിസ്: എ ഫാമിലി മാറ്റര്‍ ആണ് നടിയുടെതായി പുറത്തിറങ്ങിയ വെബ് സീരിസ്.