'ഇനി ലോക കപ്പിനില്ല, ഞായറാഴ്ചത്തേത് അവസാന മത്സരം'; കണ്‍കുളിര്‍ക്കെ കണ്ടോളൂ; പ്രഖ്യാപിച്ച് മെസി

ഖത്തര്‍ ലോകകപ്പില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനല്‍ ലോകകപ്പ് കരിയറിലെ തന്റെ അവസാന മത്സരമായിരിക്കുമെന്ന് ലയണല്‍ മെസി. ഇന്നലെ നടന്ന ആദ്യ സെമിയില്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ച് ഫൈനലില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് മെസിയുടെ പ്രഖ്യാപനം.

ഫൈനല്‍ ലോകകപ്പ് കരിയറിലെ തന്റെ അവസാന മത്സരമാക്കും. ഫൈനല്‍ കളിച്ച് ഈ യാത്ര അവസാനിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. വിജയത്തിനായി കഴിവിന്റെ പരമാവധി ശ്രമിക്കും. വ്യക്തിഗത നേട്ടങ്ങളല്ല, ടീമിന്റെ നേട്ടമാണ് പ്രധാനം- മെസി മത്സരശേഷം പറഞ്ഞു.

ക്രൊയേഷ്യക്കെതിരായ മത്സരത്തിലെ പ്രകടനത്തോടെ 11 ഗോളുകളുമായി ഇതിഹാസ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയെ മറികടന്ന മെസി, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മല്‍സരം കളിച്ച താരമെന്ന ലോതര്‍ മത്തേയൂസിന്റെ റെക്കോര്‍ഡിനൊപ്പവും എത്തി.

സെമിഫൈനലില്‍ ക്രൊയേഷ്യയെ 3-0 ന് തകര്‍ത്താണ് അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചത്. അര്‍ജന്റീനയ്ക്കായി യുവതാരം ജൂലിയന്‍ അല്‍വാരസ് ഇരട്ടഗോള്‍ (39ാം മിനിറ്റ്, 69ാം മിനിറ്റ്) നേടിയ മത്സരത്തില്‍, ആദ്യ ഗോള്‍ 34ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്ന് മെസി വകയായിരുന്നു.