ഇന്ത്യയ്‌ക്കെതിരായ പോരിന് മുന്നൊരുക്കം; പിച്ച് 'ചുരണ്ടി' വാര്‍ണറും സ്മിത്തും

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ആരംഭിക്കാന്‍ രണ്ട് നാള്‍ മാത്രം ബാക്കി നില്‍ക്കെ അവസാനഘട്ട ഒരുക്കത്തിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി ഓസീസ് സീനിയര്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണറും നാഗ്പൂര്‍ പിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചു. മധ്യ പ്രതലത്തില്‍ പരിശോധന നടത്തിയ ഇരുവരും ചില പോയിന്ററുകള്‍ കണ്ടെടുത്തു എന്നാണ് മനസിലാക്കേണ്ടത്.

ഇതുവരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നാഗ്പൂര്‍ പിച്ച് സ്പിന്നര്‍മാരെ കൂടുതല്‍ സഹായിക്കാന്‍ സാധ്യതയുള്ളതാണെന്നാണ് നിഗമനം. സ്‌പോര്‍ട്ടിംഗ് പിച്ചുകള്‍ വേണമെന്നാണ് ഇന്ത്യ വ്യക്തമാക്കിയെങ്കിലും നാഗ്പൂരിന്റെ പിച്ച് റാങ്ക്-ടേണറാകാനാണ് സാദ്ധ്യത.

സ്പിന്നര്‍മാരാണ് ടീമിന്റെ ഏറ്റവും വലിയ ശക്തി. അതിനാല്‍ അവര്‍ക്ക് ബൗള്‍ ചെയ്യാനും വിക്കറ്റുകള്‍ നേടാനുമുള്ള മികച്ച സാഹചര്യം വേണമെന്നാണ് ഇന്ത്യയുടെ നിലപാട്.

ആദ്യ ടെസ്റ്റില്‍ നാല് സ്പിന്നര്‍മാരെയാണ് ഇന്ത്യ കളിപ്പിക്കാനൊരുങ്ങുന്നത്. അശ്വിനും ജഡേജയ്ക്കും പിന്തുണയുമായി അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും ഉണ്ടാകും. ഓസ്ട്രേലിയയും തങ്ങളുടെ പ്ലെയിംഗ് ഇലവനില്‍ രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയേക്കും.