'ടീം ആവശ്യപ്പെട്ടാല്‍ അതിന് ഞാന്‍ തയ്യാറാണ്'; സ്വയം വിധി നിര്‍ണയിച്ച് രാഹുല്‍

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ഇന്ത്യയും ഓസ്ട്രേലിയയും അവസാന ഒരുക്കത്തിലാണ്. നാഗ്പൂര്‍ ടെസ്റ്റിന് മുന്നോടിയായി പ്ലെയിംഗ് ഇലവനില്‍ കെ.എല്‍ രാഹുലിന്റെ ബാറ്റിംഗ് പൊസിഷനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. താരത്തെ മധ്യനിരയിലേക്ക് മാറ്റാനാണ് പ്ലാന്‍. ഇതിനെ കുറിച്ച് മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ പ്രതികരിച്ചു.

‘ഞാന്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ ടീമിന് താല്‍പ്പര്യമുണ്ടെങ്കില്‍, ഞാന്‍ അത് ചെയ്യാന്‍ തയ്യാറാണ്’ എന്ന് രാഹുല്‍ വ്യക്തമാക്കി. നിലവില്‍ ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് മധ്യനിരയില്‍ ഒഴിവുണ്ട്. ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ഫോമില്‍ അദ്ദേഹത്തെ മധ്യനിരയിലേക്ക് ഇറക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ ഗില്ലിനെ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണിംഗിലിറക്കി രാഹുലിനെ മധ്യനിരയിലേക്ക് എത്തിക്കാനാവും ഇന്ത്യ ശ്രമിക്കുക.

കെഎല്‍ രാഹുല്‍ സാധാരണയായി രോഹിത് ശര്‍മ്മയ്ക്കൊപ്പം ഏകദിന ടെസ്റ്റ് മത്സരങ്ങളില്‍ ഓപ്പണ്‍ ചെയ്യാറുണ്ട്. എന്നിരുന്നാലും താരത്തിന് വലിയ റണ്‍സ് നേടാനാകാത്തത് ആശങ്കാജനകമാണ്. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് തന്റെ കളി നന്നായി മനസ്സിലാക്കാന്‍ സഹായിച്ചെന്ന് രണ്ടാഴ്ച മുമ്പ് രാഹുല്‍ പറഞ്ഞിരുന്നു.

Read more

പരമ്പരയ്ക്ക് ഈ മാസം 9 ന് തുടക്കമാകും. ഫെബ്രുവരി 17 ന് രണ്ടാം ടെസ്റ്റ് ഡല്‍ഹിയിലും മൂന്നാം ടെസ്റ്റ് മാര്‍ച്ച് ഒന്നിന് ധരംശാലയിലും നടക്കും. മാര്‍ച്ച് 9 മുതല്‍ അഹമ്മദാബാദിലാണ് അവസാന മത്സരം.