അഹമ്മദാബാദ് ടെസ്റ്റ്; ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി രാജ്യം, ടോസിടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി- റിപ്പോര്‍ട്ട്

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാമത്തെ ടെസ്റ്റില്‍ ഒരു ചരിത്ര സംഭവം നടക്കാന്‍ സാദ്ധ്യത. മത്സരത്തില്‍ ടോസ് ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മത്സരം കാണാന്‍ മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നുണ്ട്. കളി കാണുന്നതിന് മാത്രമല്ല എത്തുന്നത്, കളി തുടങ്ങുന്നതിന് ടോസിംഗ് വേളയില്‍ നാണയം ഫ്‌ലിപ്പ് ചെയ്യുന്നതും മോദി ആയിരിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ഈ മത്സരം ജയിച്ചേ മതിയാകൂ.

പരമ്പരയില്‍ 2-1ന് ഇന്ത്യ ലീഡ് ചെയ്യുകയാണ്. ഈ മത്സരത്തില്‍ വിജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ പ്രവേശിക്കാനും ഇന്ത്യയ്ക്ക് സാധിക്കും.