'ഈ സ്വഭാവം ശരിയല്ല, എത്രയും വേഗം ഇതില്‍ മാറ്റം ഉണ്ടാവണം'; ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി സഹീര്‍ ഖാന്‍

ദക്ഷിണാഫ്രിക്കക്കെതിരെ തുടര്‍ച്ചയായി രണ്ടാം മത്സരവും പരാജയപ്പെട്ട ഇന്ത്യന്‍ ടീമിന്റെ ഒരു സ്വഭാവത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന്‍. എതിരാളികള്‍ കൂട്ടുകെട്ട് സൃഷ്ടിക്കുമ്പോള്‍ തകര്‍ക്കാന്‍ ശ്രമിക്കാതെ ഇന്ത്യ തളരുന്നതായാണ് കാണുന്നതെന്ന് സഹീര്‍ ഖാന്‍ ചൂണ്ടിക്കാട്ടി.

‘ക്ലാസനും ബാബുമയും കൂട്ടുകെട്ട് സൃഷ്ടിച്ച് മുന്നോട്ട് പോകവെ ഇന്ത്യന്‍ ടീമിന്റെ പോരാട്ടവീര്യം താഴോട്ട് പോകുന്നതായാണ് കണ്ടത്. ഇത് ഫീല്‍ഡിംഗില്‍ പ്രകടമായിരുന്നു. രാഹുല്‍ ദ്രാവിഡും സംഘവും ഇതാണ് പരിശോധിക്കേണ്ടതും തിരുത്തേണ്ടതും.എത്രയും വേഗം ഇതില്‍ മാറ്റം ഉണ്ടാവണം. കാരണം മൂന്നാം മത്സരത്തിന് മുമ്പ് ഒരു ദിവസം മാത്രമാണ് ഇടവേള. എത്രയും വേഗം ടീം ഇക്കാര്യത്തില്‍ മാറ്റം വരുത്തണം.’

’40 ഓവര്‍ വരെ ശക്തമായ പോരാട്ടം കാഴ്ചവെക്കാനാവണം. ആദ്യ മത്സരത്തില്‍ 30 ഓവര്‍വരെ ഇന്ത്യ ഡ്രൈവിംഗ് സീറ്റിലായിരുന്നു. ഇത്തവണയും അങ്ങനെയായിരുന്നു. ഭുവനേശ്വര്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. വളരെയധികം സമ്മര്‍ദ്ദം ഇന്ത്യ മത്സരത്തില്‍ നേരിടുന്നുണ്ട്’ സഹീര്‍ ഖാന്‍ പറഞ്ഞു.

രണ്ടാം ട്വന്റി 20 മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം സന്ദര്‍ശകര്‍ വെറും 18.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 46 പന്തുകളില്‍ നിന്ന് 81 റണ്‍സെടുത്ത് തകര്‍ത്തടിച്ച ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് നേതൃത്വം നല്‍കിയത്.

40 റണ്‍സെടുത്ത ശ്രേയസ് അയ്യരായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദിനേശ് കാര്‍ത്തിക് 21 പന്തില്‍ പുറത്താകാതെ 30 റണ്‍സെടുത്തു. കാര്‍ത്തിക്കിന്റെ ഈ പ്രകടനമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.