ഏഷ്യാ കപ്പ് കളിക്കണമെങ്കില്‍ രാഹുല്‍ ആ കടമ്പ കടക്കണം, പരാജയപ്പെട്ടാല്‍ അവന്‍ സ്ക്വാഡിലേക്ക്!

2022ലെ ഏഷ്യാ കപ്പിന് മുന്നോടിയായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലിന് ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനാകേണ്ടി വരും. ഓഗസ്റ്റ് 27 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള 15 അംഗ ടീമില്‍ ഇടം നേടിയതിന് ശേഷം 30 കാരനായ താരത്തോട് ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പരിക്കില്‍ നിന്ന് താരം സുഖം പ്രാപിച്ചുവെന്ന് മാനേജ്മെന്റുകള്‍ക്കിടയില്‍ വിശ്വാസമുണ്ടെങ്കിലും, ബിസിസിഐ മെഡിക്കല്‍ സ്റ്റാഫിന്റെ സാന്നിധ്യത്തില്‍ അദ്ദേഹം അത് ഔദ്യോഗികമായി തെളിയിക്കേണ്ടത് ആവശ്യമാണ്. ഈ വര്‍ഷം ഇന്ത്യയ്ക്കായി ഒരു ടി20 മത്സരം പോലും താരം കളിച്ചിട്ടില്ല. പരിക്കും അതിന് പിന്നാലെ പിടികൂടിയ കോവിഡും താരത്തിന് തിരിച്ചടിയാവുകയായിരുന്നു.

‘കെ എല്‍ രാഹുല്‍ പൂര്‍ണമായും ഫിറ്റാണ്, അതാണ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ കാരണം. എന്നാല്‍ പ്രോട്ടോക്കോള്‍ എന്ന നിലയില്‍ അദ്ദേഹം ബെംഗളുരുവില്‍ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനാകും.’ ഒരു ബിസിസിഐ പ്രതിനിധി പ്രതികരിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 2022 പതിപ്പിലാണ് രാഹുല്‍ അവസാനമായി കളിച്ചത്. അതിന് ശേഷം ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ ജര്‍മ്മനിയിലേക്ക് പോയി. ഇതിനാല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു, കരീബിയന്‍ പര്യടനത്തിന് മുന്നോടിയായി കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് താരത്തിന്റെ തിരിച്ചുവരവ് വൈകുകയായിരുന്നു.

ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ കെ എല്‍ രാഹുലിന് പകരം ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തും. നിലവില്‍ സ്റ്റാന്‍ഡ്ബൈ താരങ്ങളുടെ ലിസ്റ്റിലാണ് ശ്രേയസ്.