ക്യാമ്പല്‍, ഫ്‌ളവര്‍ സഹോദരന്മാരെല്ലാം ഇനി ഓര്‍മ്മ, സിംബാബ്‌വെ ടീം ഇനിയില്ല

ഒരുകാലത്ത് കരുത്തുറ്റ ഒരു ടീമിനെ വാര്‍ത്തെടുത്ത് ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഇടംപിടിച്ച സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ അംഗത്വം അന്താരാഷ്ട്ര ക്രിക്കറ്റ് ബോഡിയായ ഐ.സി.സി റദ്ദാക്കി. ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടലുകളാണ് ഐ.സി.സിയെ കടുത്ത നടപടിയ്ക്ക് പ്രേരിപ്പിച്ചത്.

സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ ഗുരുതര വീഴ്ച്ച പറ്റിയതായും ഐ.സി.സി കണ്ടെത്തി. അംഗത്വം നഷ്ടപ്പെട്ടതോടെ ഐ.സി.സി യില്‍ നിന്ന് യാതൊരു തരത്തിലുള്ള ഫണ്ടോ, സഹായമോ സിംബാബ്‌വെയ്ക്ക് ഇനി ലഭിക്കില്ല. മാത്രമല്ല ഐ.സി.സിയുടെ കീഴിലുളള ഒരു ടൂര്‍ണമെന്റിലും സിംബാബ്‌വെയ്ക്ക് കളിക്കാനും കഴിയില്ല.

കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്ന ഐ.സി.സി യുടെ വാര്‍ഷിക യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ഐ.സി.സിയുടെ ഈ തീരുമാനം ഞെട്ടിച്ചിരിക്കുകയാണ്.

തങ്ങളുടെ അംഗത്വമുള്ള രാജ്യങ്ങളുടെയെല്ലാം ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായി മുന്നോട്ട് പോകണമെന്നാണ് ഐ.സി.സി യുടെ നിര്‍ദ്ദേശം. ഇതാണ് സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡ് ലംഘിച്ചത്.