'സീസണിന്റെ തുടക്കത്തില്‍ തന്നെ അക്കാര്യം എന്നെ അറിയിച്ചിരുന്നു'; വെളിപ്പെടുത്തി അശ്വിന്‍

ബാറ്റിംഗ് പൊസിഷനില്‍ മുകളിലായി ഉപയോഗിക്കുമെന്ന് സീസണിന്റെ തുടക്കത്തില്‍ തന്നെ അറിയിച്ചിരുന്നെന്ന് ആര്‍ അശ്വിന്‍. ഡല്‍ഹിക്കെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ വണ്‍ഡൗണായി ഇറങ്ങിയത് ഏറെ വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടെയാണ് അശ്വിന്റെ വെളിപ്പെടുത്തല്‍.

‘ബാറ്റിംഗ് പൊസിഷനില്‍ മുകളിലായി എന്നെ ഉപയോഗിക്കുമെന്ന് സീസണിന്റെ തുടക്കത്തില്‍ തന്നെ അറിയിച്ചിരുന്നു. ഞാന്‍ ഓപ്പണറായി ഇറങ്ങിയ പരിശീലന മത്സരങ്ങളും ഉണ്ടായി. ബാറ്റിംഗ് മെച്ചപ്പെടുത്താന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചു. ആ ശ്രമങ്ങള്‍ ഫീല്‍ഡില്‍ പ്രയോജനപ്പെടുന്നത് സന്തോഷം നല്‍കുന്നു.’

‘ഡല്‍ഹിക്കെതിരായ ഇന്നിംഗ്സില്‍ സന്തോഷമുണ്ട്. എന്നാല്‍ ടീമിനെ വിജയിപ്പിക്കാന്‍ അതിനായില്ല. ടൂര്‍ണമെന്റിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ സമ്മര്‍ദം കൂടും. എന്നാല്‍ തുടര്‍ ജയങ്ങളിലേക്ക് എത്താനാവും എന്ന് കരുതുന്നു’ അശ്വിന്‍ പറഞ്ഞു.

ഡല്‍ഹിക്കെതിരായ മത്സരത്തില്‍ അശ്വിന്‍ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. 38 പന്തിലാണ് അശ്വിന്‍ 50 റണ്‍സ് എടുത്തത്. നാല് ഫോറും രണ്ട് സിക്സും അശ്വിന്റെ ബാറ്റില്‍ നിന്ന് വന്നു. എന്നാല്‍ മത്സരത്തില്‍ രാജസ്ഥാന്‍ 8 വിക്കറ്റിന് പരാജയപ്പെട്ടു.