ടി20യിലല്ല, ടെസ്റ്റിനാണ് അവന്റെ ബാറ്റിംഗ് ഏറ്റവും അനുയോജ്യം: സൗരവ് ഗാംഗുലി

വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളേക്കാള്‍ ടെസ്റ്റ് ക്രിക്കറ്റിനാണ് സര്‍ഫറാസ് ഖാന്റെ ബാറ്റിംഗ് ഏറ്റവും അനുയോജ്യമെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. രാജ്കോട്ടിലെ അരങ്ങേറ്റ ടെസ്റ്റില്‍ സര്‍ഫറാസ് രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയിരുന്നു. റാഞ്ചിയില്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും മാര്‍ച്ച് 7ന് ധര്‍മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തില്‍ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ പ്ലെയിങ് ഇലവനില്‍ താരത്തിന് സ്ഥാനം നിലനിര്‍ത്താനായി.

സര്‍ഫറാസ് ഒരു ടെസ്റ്റ് കളിക്കാരനാണ്. ടി20 ക്രിക്കറ്റ് ഒരു വ്യത്യസ്ത ഫോര്‍മാറ്റാണ്. രഞ്ജി ട്രോഫിയില്‍ ഒരുപാട് റണ്‍സ് നേടിയിട്ടുണ്ട്. നിങ്ങള്‍ റണ്‍സ് നേടിയാല്‍ അത് പാഴാകില്ല, അതാണ് സര്‍ഫറാസിനും സംഭവിച്ചത്- സൗരവ് ഗാംഗുലി പറഞ്ഞു.

47 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് 14 സെഞ്ച്വറികളും 13 അര്‍ദ്ധ സെഞ്ച്വറികളും അടിച്ച് 68.74 ശരാശരിയില്‍ 4056 റണ്‍സാണ് മുംബൈ താരം നേടിയത്. അരങ്ങേറ്റ മത്സരത്തില്‍ രവീന്ദ്ര ജഡേജയുടെ പിഴവില്‍ റണ്ണൗട്ടാകുന്നതിന് മുമ്പ് സര്‍ഫറാസ് ഒന്നാം ഇന്നിംഗ്സില്‍ 62 റണ്‍സ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ പുറത്താകാതെ 68 റണ്‍സും താരം നേടി.

Read more

നാലാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സുകളിലുമായി 14 റണ്‍സ് മാത്രമാണ് സര്‍ഫറാസിന് നേടാനായത്. എന്നിരുന്നാലും, അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കും.