'ഇന്ത്യന്‍ ക്യാപ്റ്റന്‍സിയുടെ വാതിലിലാണ് അവന്‍ മുട്ടുന്നത്'; ഐപിഎല്‍ നായകനെ പ്രശംസിച്ച് അക്തര്‍

ഐപിഎല്ലിലെ തങ്ങളുടെ കന്നി സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ഫൈനലിലെത്തിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി മികവിനെ പ്രശംസിച്ച് പാകിസ്ഥാന്‍ പേസ് ഇതിഹാസം ശുഐബ് അക്തര്‍. സമീപഭാവിയില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍സിയിലേക്ക് തീര്‍ച്ചയായും പരിഗണിക്കാവുന്ന താരമാണ് ഹാര്‍ദ്ദിക്കെന്ന് അക്തര്‍ പറഞ്ഞു.

‘ഹാര്‍ദിക് പാണ്ഡ്യ ഒരു അടയാളം കാണിച്ചിരിക്കുന്നു എന്നത് വസ്തുതയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍സിയുടെ വാതിലിലാണ് അദ്ദേഹം മുട്ടുന്നത്. രോഹിത് ശര്‍മ്മ എത്രനാള്‍ ക്യാപ്റ്റനായി തുടരുമെന്ന് ആര്‍ക്കും ഉറപ്പില്ല.’

‘ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഹാര്‍ദ്ദിക് തന്റെ ഭാഗം തെളിയിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം എപ്പോഴും തന്റെ ഫിറ്റ്നസിലും ബോളിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഫിറ്റായപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഒരു ഓട്ടോമാറ്റിക് ചോയിസായിരുന്നു. ശുദ്ധമായ ബാറ്റര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീമില്‍ ഒഴിവില്ല.’

‘റാഷിദ് ഖാന്‍ ഹാര്‍ദിക്കിനെ നന്നായി പിന്തുണച്ചിട്ടുണ്ട്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും അദ്ദേഹം ആ ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു മികച്ച താരവും ടീമിന് ഒരു മുതല്‍ക്കൂട്ടുമാണ്’ അക്തര്‍ പറഞ്ഞു.

ഇന്ന് വൈകിട്ട് 8 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഗുജറാത്ത്-രാജസ്ഥാന്‍ കലാശക്കൊട്ട്. ആദ്യ ക്വാളിഫയറില്‍ രാജസ്ഥാനെ തന്നെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത്. രണ്ടാം ക്വാളിഫയറില്‍ ബാംഗ്ലൂരിനെ അനായാസം മറികടന്നതിന്റെ ഉണര്‍വിലാണ് സഞ്ജുവം കൂട്ടരും.