INDIAN CRICKET: സ്ഥാനം പോലും ഉറപ്പില്ലാത്ത താരമാണ് അവൻ, ടെസ്റ്റിൽ വെറും വേസ്റ്റ്; സൂപ്പർതാരത്തെ നായകനാക്കുന്നതിന് എതിരെ ക്രിസ് ശ്രീകാന്ത്

രോഹിത് ശർമ്മ വിരമിച്ചതിനെത്തുടർന്ന് ശുഭ്മാൻ ഗിൽ ടെസ്റ്റ് പ്ലെയിങ് ഇലവനിൽ ഇതുവരെ സ്ഥാനം ഉറപ്പിച്ചിട്ടില്ലെന്നും ഇത് ക്യാപ്റ്റൻസിക്ക് അനിശ്ചിതത്വമുണ്ടാക്കുന്നുണ്ടെന്നും മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത് അഭിപ്രായപ്പെട്ടു. 2025-27 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) സൈക്കിളിന് തുടക്കം കുറിക്കുന്നതിനായി ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ഇന്ത്യൻ ടീമിനെ നയിക്കാൻ പറഞ്ഞ് കേൾക്കുന്ന പേര് ഗില്ലിന്റെ ആണ്. ഈ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല.

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഗുജറാത്ത് ടൈറ്റൻസിനെ (ജിടി) രണ്ട് സീസണുകളായി നയിച്ച ശുഭ്മാൻ ഗിൽ സമീപകാലത്ത് ഒരു നല്ല നേതാവായി ഉയർന്നുവന്നിട്ടുണ്ട്, 2024 ൽ സിംബാബ്‌വെയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയിലും അദ്ദേഹം
ടീമിനെ നയിച്ചു.

2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫി,യിൽ ഗിൽ തീർത്തും നിരാശപെടുത്തിയിരുന്നു. അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 18.60 ശരാശരിയിൽ 93 റൺസ് മാത്രമേ ഗിൽ നേടിയിട്ടുള്ളൂ. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൽ നിന്ന് അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കി. വെസ്റ്റ് ഇൻഡീസിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ എവേ അസൈൻമെന്റുകളിലെ അദ്ദേഹത്തിന്റെ പ്രകടനവും മികച്ചതായിരുന്നില്ല.

അത്തരമൊരു ആളെ ടെസ്റ്റ് ക്യാപ്റ്റൻസിയിലേക്ക് എങ്ങനെ പരിഗണിക്കുമെന്ന് ശ്രീകാന്ത് ചോദ്യം ചെയ്തു, പകരം ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, അല്ലെങ്കിൽ കെഎൽ രാഹുൽ എന്നിവരെ പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

“ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹം (ഗിൽ) ടീമിൽ സ്ഥാനം പോലും ഉറപ്പില്ലാത്ത താരമാണ്. ക്യാപ്റ്റൻസി ജസ്പ്രീത് ബുംറയ്ക്ക് നൽകണം, അദ്ദേഹം ഫിറ്റ്നസില്ലെങ്കിലോ ഏതെങ്കിലും മത്സരത്തിന് ലഭ്യമല്ലെങ്കിലോ, കെഎൽ രാഹുലോ പന്തോ ഇന്ത്യയെ നയിക്കണം,” ശ്രീകാന്ത് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു (ഹിന്ദുസ്ഥാൻ ടൈംസ് വഴി).

രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഇല്ലാതെ ഇന്ത്യയെ നയിക്കുമ്പോൾ ഗില്ലിന്റെ ചുമലിൽ വലിയ ഉത്തരവാദിത്തമുണ്ട്. ഇംഗ്ലണ്ടിലെ അദ്ദേഹത്തിന്റെ മോശം റെക്കോർഡ് ആശങ്ക വർദ്ധിപ്പിക്കുന്നു, മൂന്ന് ടെസ്റ്റുകളിൽ നിന്ന് 14.67 ശരാശരിയിൽ 88 റൺസ് മാത്രമേ അദ്ദേഹം അവിടെ നേടിയിട്ടുള്ളൂ.

Read more