അവന് തന്റെ കരിയര്‍ സ്വയം അവസാനിപ്പിക്കാമായിരുന്നു, അത് നല്ലൊരു അവസരമായിരുന്നു; വിലയിരുത്തലുമായി പോണ്ടിംഗ്

ഡേവിഡ് വാര്‍ണര്‍ തന്റെ ടെസ്റ്റ് കരിയറില്‍ താഴേക്ക് പോകുന്നതായാണ് കാണുന്നത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സുകളില്‍ നിന്ന് 11 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. രണ്ടാം ടെസ്റ്റിലും 36-കാരന്റെ കാര്യത്തില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടില്ല. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 15 റണ്‍സ് മാത്രം നേടിയ അദ്ദേഹം പരിക്ക് മൂലം ടീമില്‍ നിന്ന് പുറത്താവുകയും ചെയ്തു.

മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ് അടുത്തിടെ വാര്‍ണറുടെ ടെസ്റ്റ് കരിയറിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. തന്റെ കരിയറിന് തിരശ്ശീല വീഴ്ത്താന്‍ അത് സെലക്ടര്‍മാരെ ഏല്‍പ്പിക്കുന്നതിനുപകരം, വാര്‍ണര്‍ക്ക് അത് സ്വയമേ ആകാമായിരുന്നു എന്ന് പോണ്ടിംഗ് അഭിപ്രായപ്പെട്ടു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ തന്റെ 101-ാം ടെസ്റ്റ് കളിച്ചതിന് ശേഷം സിഡ്നിയിലെ ഹോം കാണികളുടെ മുന്നില്‍ അദ്ദേഹത്തിന് തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കാമായിരുന്നുവെന്ന് പോണ്ടിംഗ് അഭിപ്രായപ്പെട്ടു. സ്വന്തം നിലയ്ക്ക് മികച്ച രീതിയില്‍തന്നെ കളി അവസാനിപ്പിക്കാനുള്ള അവസരം വാര്‍ണര്‍ക്ക് നഷ്ടപ്പെട്ടതായി പോണ്ടിംഗ് വിലയിരുത്തി.

Read more

സിഡ്‌നി ടെസ്റ്റിന് ശേഷം വിരമിക്കുകയായിരുന്നു അവന് ഏറ്റവും ഉചിതം. മെല്‍ബണില്‍ 100-ാം ടെസ്റ്റ് കളിച്ച അവന്‍ 200 റണ്‍സ് നേടി. 101-ാം ടെസ്റ്റ് കളിച്ചത് സ്വന്തം ഗ്രൗണ്ടായ സിഡ്‌നിയിലായിരുന്നു. ഒരുപക്ഷേ. അവിടെ അവസാനിപ്പിക്കാമായിരുന്നു. അവന്‍ ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നോക്കാം- പോണ്ടിംഗ് പറഞ്ഞു.