അത്രയൊന്നും തന്ത്രങ്ങൾ അറിയാവുന്ന നായകൻ അല്ല ഹാർദിക്, അവൻ ഒരുപാട് മേഖലകളിൽ മെച്ചപ്പെടാൻ ഉണ്ട്; ആരും കുറ്റപ്പെടുത്താതെ രക്ഷപെട്ട് പോകുന്നു എന്ന് മാത്രം; ഹാർദിക്കിനെതിരെ പാർഥിവ് പട്ടേൽ

ആവേശത്തോടെ കാത്തിരിക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് വരാനിരിക്കുന്ന ഏഷ്യാ കപ്പിലോ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലോ റൺസ് നേടേണ്ടതുണ്ടെന്നും ഫോം കണ്ടെത്തേണ്ടതുണ്ടെന്നും മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ പറഞ്ഞു. നിലവിൽ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിച്ച താരമാണ് ഹാർദിക് എങ്കിലും അദ്ദേഹം മോശം ഫോമിലാണ്. അത് ഇന്ത്യൻ ആരാധകരും ആശങ്കയായി പങ്കുവെക്കുന്ന കാര്യമാണ്.

വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ 77 റൺസ് മാത്രമാണ് ഹാർദിക്കിന് നേടാനായത്. കൂടാതെ ബോളിങ്ങിലും അത്ര മികച്ച സംഭാവനകൾ താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. സഞ്ജു ഉൾപ്പടെ ഉള്ള താരങ്ങൾ മോശം പ്രകടനത്തിന്റെ പേരിൽ വിമർശനം കേൾക്കുമ്പോഴും ഹാർദിക് പലപ്പോഴും രക്ഷപെട്ട് പോകുന്നു.

പരമ്പരയിൽ ഹാർദിക് നായകൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും തീർത്തും നിരാശപെടുത്തിയെന്ന് പറഞ്ഞ പാർഥിവ് പട്ടേൽ പറഞ്ഞത് ഇങ്ങനെ:

“നിക്കോളാസ് പൂരനെതിരെ, അദ്ദേഹം (ഹാർദിക് പാണ്ഡ്യ) നിർണായക ഓവർ അക്സർ പട്ടേലിന് നൽകി, യുസ്‌വേന്ദ്ര ചാഹലിനെകൊണ്ട് ബോൾ ചെയ്യിപ്പിച്ചില്ല. ഒരുപാട് ഒരുപാട് കാര്യങ്ങളിൽ വളർന്നാൽ മാത്രമേ ഹാർദിക് മികച്ച നായകനാകു എന്നത് ഉറപ്പാണ്.” പാർഥിവ് പട്ടേൽ ക്രിക്ക്ബസിനോട് പറഞ്ഞു.