പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കാൻ ഇന്ത്യ പാക്കിസ്ഥാനിൽ എത്തിയില്ലെങ്കിൽ അവർക്ക് പലരോടും മറുപടി പറയേണ്ടി വരുമെന്ന് മുൻ പാക് താരം റഷീദ് ലത്തീഫ് പറയുന്നു. ലോകകപ്പിന് പാകിസ്ഥാൻ ഇന്ത്യയിൽ എത്തിയത് പോലെ ഇന്ത്യ ചാമ്പ്യൻസ് ലീഗിൽ പാകിസ്ഥാനിൽ വന്നില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി ആയിരിക്കുമെന്ന് മുൻ താരം പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ :

”നിങ്ങൾക്ക് ഉഭയകക്ഷി പരമ്പര നിരസിക്കാം. അത് രാജ്യങ്ങളുടെ ഇഷ്ടമാണ്. എന്നാൽ ഐസിസി ടൂർണമെന്റുകൾ അങ്ങനെ അല്ല. വളരെ നാളുകൾ മുമ്പേ അതിന്റെ തീയതികൾ രാജ്യങ്ങൾക്ക് കിട്ടുന്നതാണ്. അതിൽ നിന്ന് വെറുതെ പിന്മാറാൻ പറ്റില്ല.” ലത്തീഫ് പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ ഒരൊറ്റ നഗരത്തിൽ നടത്തണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിയോട് നിർദ്ദേശിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. കറാച്ചി, റാവൽപിണ്ടി, ലാഹോർ എന്നിവയാണ് ടൂർണമെന്റ് വേദികളായി പിസിബി തെരഞ്ഞെടുത്തത്.

അതേസമയം നിലവിലെ സാഹചര്യത്തിൽ ഇന്ത്യ പാകിസ്ഥാനിൽ ടൂർണമെന്റ് കളിക്കാൻ എത്താൻ യാതൊരു സാധ്യതയും ഇല്ല.