വിരുഷ്ക വിവാഹത്തിനെതിരെയുളള പരാമര്‍ശം; ബി.ജെ.പി എം.എല്‍.എയ്ക്കെതിരെ ഗംഭീര്‍

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടേയും അനുഷ്‌ക ശര്‍മയുടേയും ഇറ്റലിയില്‍ നടന്ന വിവാഹത്തിന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ടൈംസ് നൗ ചാനലിലൂടെയാരുന്നു ഗംഭീറിന്റെ പ്രതികരണം.

വിവാഹമെന്നത് വ്യക്തിപരമായ കാര്യമാണ്. അതില്‍ അഭിപ്രായം പറയാന്‍ ആര്‍ക്കുമവകാശമില്ല. വിവാഹം എവിടെ വച്ച് നടത്തണമെന്നതൊക്കെ മൂന്നാമതൊരാള്‍ അല്ല തീരുമാനിക്കുന്നത്. രാഷ്ട്രീയക്കാര്‍ പ്രതികരണങ്ങള്‍ നടത്തുന്നത് സൂക്ഷിച്ചായിരിക്കണമെന്നും ഡല്‍ഹി ബാറ്റ്‌സമാന്‍ പറഞ്ഞു.

ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുമായുള്ള വിവാഹച്ചടങ്ങുകള്‍ നടത്താന്‍ ഇറ്റലി തിരഞ്ഞെടുത്തതോടെയാണ് കോഹ്‌ലിയുടെ രാജ്യസ്‌നേഹത്തെക്കുറിച്ച് ഗുണയില്‍നിന്നുള്ള ബിജെപി എംഎല്‍എ പന്നാലാല്‍ ശാഖ്യയ്ക്ക് സംശയമുദിച്ചത്. ഇന്ത്യയില്‍നിന്നാണ് വിരാട് കോഹ്ലി പണമുണ്ടാക്കിയത്. ഇന്ത്യയാണ് അദ്ദേഹത്തിന് പണം നല്‍കിയതും. എന്നിട്ടും വിവാഹം കഴിക്കാന്‍ ഇവിടെ ഒരു സ്ഥലവും അദ്ദേഹം കണ്ടില്ല. ഹിന്ദുസ്ഥാന്‍ അത്രയ്ക്ക് തൊട്ടുകൂടാത്തതാണോ എന്നാണ് ശാഖ്യ ചോദിച്ചത്.കോഹ്ലിയും അനുഷ്‌കയും ഹണിമൂണിനായി തിരഞ്ഞെടുത്ത സ്ഥലത്തെ ചുറ്റിപ്പറ്റിയും ബിജെപി നേതാക്കള്‍ വിമര്‍ശനവുമായി എത്തിയിരുന്നു. ഭൂമിയിലെ സ്വര്‍ഗം കശ്മീരിലാണെന്നാണ് പറയുന്നത്. അതിനാല്‍ അവര്‍ക്ക ഹണിമൂണ്‍ ഇവിടെ ആഘോഷിക്കാമെന്നായിരുന്നു അനത്നാഗില്‍ നിന്നുമുള്ള ബിജെപി നേതാവ് റഫിഖ് വാനിയുടെ പ്രതികരണം.