ഒരു സെഞ്ച്വറി നേടി കഴിഞ്ഞാല്‍ പിന്നെ അവനെ പിടിച്ചാല്‍ കിട്ടില്ല, ക്രിക്കറ്റ് ലോകം വാഴും

ഒരു സെഞ്ച്വറി നേടി കഴിഞ്ഞാല്‍ പിന്നെ യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ തലവര മാറുമെന്ന് സുനില്‍ ഗവാസ്‌കര്‍. ഒരു സെഞ്ച്വറി നേടി കഴിഞ്ഞാല്‍ പിന്നെ ഗില്ലിനെ പിടിച്ചാല്‍ കിട്ടില്ലെന്നും മികച്ച പ്രകടനവുമായി ക്രിക്കറ്റ് ലോകം വാഴുമെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

“ഗില്ലിന്റെ കളി കണ്ടാല്‍ അറിയാം അവന്‍ മികച്ച കഴിവുള്ള താരമാണെന്ന്. ഏത് താരത്തിനും ആദ്യ സെഞ്ച്വറി എന്നത് വളരെ കഠിനമാണ് കാര്യമാണ്. ഒരു സെഞ്ച്വറി നേടി കഴിഞ്ഞാല്‍ പിന്നെ അവനെ ഒരിക്കലും പിടിച്ചാല്‍ കിട്ടില്ല. ഒരുപാട് സെഞ്ച്വറികള്‍ അതിന് പിന്നാലെ പിറക്കുമെന്ന് ഉറപ്പാണ്. ഒരു അര്‍ധ സെഞ്ച്വറി നേടി അത് സെഞ്ച്വറിയിലേക്ക് എത്തിക്കുക എന്നത് ആദ്യത്തെ തവണ വളരെ കഠുപ്പമേറിയതായിരിക്കും.”

“എല്ലാ ബാറ്റ്സ്മാന്‍മാരും 70 റണ്‍സ് ഒക്കെ പിന്നിടുന്ന ഘട്ടത്തില്‍ ബോളര്‍മാരെ കൂടുതല്‍ അഗ്രസീവായി നേരിടാനാണ് ശ്രമിക്കുക. കാരണം ക്രീസില്‍ നിലയുറപ്പിച്ചതായിഅവര്‍ക്ക് തോന്നാം. ആ ആത്മവിശ്വാസം പലപ്പോഴും തിരിച്ചടിക്കും. വിക്കറ്റ് നഷ്ടപ്പെടുക ഇത്തരത്തില്‍ കളിക്കുമ്പോഴാണ്. ഗില്‍ ആദ്യത്തെ സെഞ്ച്വറി നേടാനായി ശ്രമിക്കുകയാണ് ഇപ്പോള്‍ വേണ്ടത്” ഗവാസ്‌കര്‍ പറഞ്ഞു.

ഓസ്‌ട്രേലിയ്‌ക്കെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച് ഗില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ 378 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും ഇതിലുള്‍പ്പെടും. മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ ഗില്‍ 91 റണ്‍സ് നേടിയിരുന്നു.