ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് ടീം തൂത്തുവാരുമെന്ന് പ്രവചിച്ച് മുൻ ഇംഗ്ലീഷ് താരം ഡേവിഡ് ലോയ്ഡ്. ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് ജയിച്ച് കയറിയതിന് പിന്നാലെയാണ് അദ്ദേഹം മനസുതുറന്നത്. ഇന്ത്യ ഉയർത്തിയ 371 റൺസ് വിജയലക്ഷ്യം മറികടന്നാണ് ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് കൊണ്ടുപോയത്. മുൻപും ഇന്ത്യ ഉയർത്തിയ 350 റൺസിലധികമുളള വിജയലക്ഷ്യം ഇംഗ്ലണ്ട് മറികടന്നിട്ടുണ്ട്.
“ഞാൻ എന്റെ പ്രവചനം 5-0 എന്നാക്കുന്നു. ഇല്ല ഞാൻ 4-0ത്തിൽ തന്നെ തുടരും. കാരണം മഴ എപ്പോഴാണ് സീരീസിനെ ബാധിക്കുകയെന്ന് പറയാൻ കഴിയില്ല, ഡേവിഡ് ലോയ്ഡ് പറഞ്ഞു. ടെസ്റ്റ് പരമ്പര തുടങ്ങുംമുൻപ് മിക്ക ഇംഗ്ലീഷ് താരങ്ങളും ഇത്തരത്തിലുളള പ്രവചനം നടത്തിയാണ് രംഗത്തെത്തിയത്. ആതിഥേയരായ ഇംഗ്ലണ്ട് തന്നെ പരമ്പര നേടുമെന്ന് പലരും പ്രവചിച്ചു. എന്നാൽ ചില മുൻ ഇന്ത്യൻ താരങ്ങൾ ഇന്ത്യയ്ക്ക് സീരീസ് ജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് രംഗത്തെത്തി.
Read more
എഡ്ജ്ബാസ്റ്റണിലെ ബിർമിങ്ഹാം സ്റ്റേഡിയത്തിൽ വച്ചാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് നടക്കുക. നിലവിൽ പരമ്പരയിൽ 1-0ത്തിന് മുന്നിലാണ് ഇംഗ്ലണ്ട്. ഇനിയുളള മത്സരങ്ങൾ ജയിച്ച് പരമ്പരയിൽ മുന്നിലെത്താനാവും ഇന്ത്യയുടെ ശ്രമം. ആദ്യ ടെസ്റ്റിൽ ചില പാളിച്ചകൾ സംഭവിച്ചതൊഴിച്ചാൽ ശ്രദ്ധേയ പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ചവച്ചത്.