ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ ഐപിഎല്‍ മത്സരങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ബാക്കിയുളള മത്സരങ്ങള്‍ ഇനി എന്നാകും ആരംഭിക്കുകയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. അതേസമയം ഐപിഎല്‍ മത്സരങ്ങള്‍ക്ക് ഇംഗ്ലണ്ട് വേദിയായി പരിഗണിക്കാമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍. ഇംഗ്ലണ്ടിലെ സ്‌റ്റേഡിയങ്ങള്‍ ഐപിഎല്‍ നടത്താന്‍ റെഡിയാണെന്നാണ് മൈക്കല്‍ വോണ്‍ പറയുന്നത്.
ഐപിഎല്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ടീമിന് ഇവിടെ തന്നെ ഒരുങ്ങാന്‍ സാധിക്കും. ഐപിഎലിന് ശേഷം ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുക. “യുകെയില്‍ ഐപിഎല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നു. ഞങ്ങള്‍ക്ക് എല്ലാ വേദികളും ഉണ്ട്. ഐപിഎല്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് ടെസ്റ്റ് പരമ്പരയില്‍ തുടരാം”, വോണ്‍ എക്‌സില്‍ കുറിച്ചു.
അതേസമയം ഒരാഴ്ചത്തേക്കാണ് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. ഇതിന് ശേഷം ബാക്കിയുളള കാര്യങ്ങള്‍ തീരുമാനിക്കാമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഉടന്‍ തന്നെ ഐപിഎല്‍ പുനരാരംഭിക്കാനുളള സാധ്യത കുറവാണ്. സെപ്റ്റംബര്‍ മാസത്തില്‍ ടൂര്‍ണമെന്റ് നടത്താന്‍ അധികൃതര്‍ ആലോചിക്കുന്നതായും വിവരമുണ്ട്.