ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുളള വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ തനിക്ക് ഏറെ സ്‌പെഷ്യലായ ആളെ കുറിച്ച് മനസുതുറന്ന് രോഹിത് ശര്‍മ്മ. ഒരഭിമുഖത്തില്‍ മുന്‍ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിനെ കുറിച്ചാണ് ഹിറ്റ്മാന്‍ തുറന്നുപറഞ്ഞത്. “രാഹുല്‍ ഭായിയെക്കുറിച്ച് എനിക്ക് എല്ലാം അറിയാം. അദ്ദേഹം എങ്ങനെയുള്ള ഒരു മനുഷ്യനാണ് എന്നൊക്കെ. ഞങ്ങള്‍ മൂന്ന് വര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിച്ചു. അദ്ദേഹം എനിക്ക് വളരെ സ്‌പെഷ്യലായിട്ടുളള വ്യക്തിയാണ്. എനിക്ക് ഏകദിനത്തില്‍ ആദ്യമായി ഇന്ത്യന്‍ ക്യാപ്പ് തന്നത് അദ്ദേഹമാണ്.
ഞാന്‍ അയര്‍ലന്‍ഡില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ രാഹുല്‍ സാറായിരുന്നു ക്യാപ്റ്റന്‍. അതുകൊണ്ട് എന്റെ ജീവിതത്തിലെ ആ പ്രത്യേക നിമിഷങ്ങള്‍ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല”, രോഹിത് ശര്‍മ്മ പറഞ്ഞു. “മൂന്ന് വര്‍ഷം ഞാന്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തു. അദ്ദേഹം എങ്ങനെയുള്ള ഒരു മനുഷ്യനാണെന്ന് എനിക്ക് മനസ്സിലായി. ഇതിനുമുമ്പ് ഞങ്ങള്‍ ഇത്ര അടുത്ത് പ്രവര്‍ത്തിച്ചിട്ടില്ല. ഞങ്ങള്‍ അധികം സംസാരിച്ചിരുന്നില്ല. അദ്ദേഹം കളിക്കുമ്പോള്‍, ബാറ്റിംഗിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. അപ്പോള്‍, അവിടെ സംസാരിക്കാനുളള അവസരം കുറവായിരുന്നു”.
“പക്ഷേ പിന്നീട് അദ്ദേഹത്തിന്റെ ചിന്താഗതി മനസിലാക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹം വളരെ ഉന്നതനായ ഒരു മനുഷ്യനാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ പേര് മുന്‍നിര കളിക്കാരുടെ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഞങ്ങളുടെ മുന്നില്‍ എങ്ങനെ അവതരിപ്പിച്ചു എന്നതാണ്, അത് എന്നെ വളരെയധികം പ്രചോദിപ്പിച്ചു”, രോഹിത് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.