INDIAN CRICKET: ആദ്യം നീ അത് പൂര്‍ത്തിയാക്ക്, എന്നിട്ട് വിരമിച്ചോ, വിരാട് കോഹ്‌ലിയുടെ വിരമിക്കല്‍ വാര്‍ത്തകളില്‍ തുറന്നടിച്ച് ആരാധകര്‍

രോഹിത് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യയുടെ മറ്റൊരു സീനിയര്‍ താരമായ വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ വിവരം. തന്റെ തീരുമാനം കോഹ്‌ലി ബിസിസിഐയെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സമീപ കാലത്തായി ടെസ്റ്റില്‍ അധികം തിളങ്ങാന്‍ താരത്തിന് സാധിച്ചിരുന്നില്ല. തുടര്‍ച്ചയായി അവസരം ലഭിക്കുമ്പോഴെല്ലാം നിരാശാജനകമായ പ്രകടനമാണ് കോഹ്‌ലി കാഴ്ചവച്ചിരുന്നത്. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറി മാത്രമായിരുന്നു താരത്തില്‍ നിന്നുണ്ടായത്.

അതിന് മുന്‍പ് ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് പരമ്പരകളിലും കിങില്‍ നിന്നും കാര്യമായ പ്രകടനമുണ്ടായില്ല. നിലവില്‍ ടെസ്റ്റ് കരിയറില്‍ സമ്മര്‍ദ ഘട്ടത്തിലാണ് വിരാട് കോഹ്‌ലിയുളളത്. ഇന്ത്യക്കായി ടെസ്റ്റില്‍ എറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ മൂന്നാം സ്ഥാനത്താണ് കോഹ്‌ലിയുളളത്. 36കാരനായ താരം 123 മത്സരങ്ങളിലെ 210 ഇന്നിങ്ങ്‌സുകളിലായി 9,230 റണ്‍സാണ് തന്റെ കരിയറില്‍ നേടിയിട്ടുളളത്.

46.85 ശരാശരിയില്‍ 30 സെഞ്ച്വറികളും 31 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെയാണ് ഈ നേട്ടം. അതേസമയം കോഹ്‌ലിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നതിനിടെ താരത്തിനോട് ഒരാഗ്രഹം തുറന്നുപറഞ്ഞ് രംഗത്തെത്തുകയാണ് ആരാധകര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ച ശേഷമേ വിരമിക്കല്‍ പ്രഖ്യാപിക്കാവൂ എന്നാണ്‌ ആരാധകര്‍ കോഹ്‌ലിയോട് പറയുന്നത്.

Read more