ആദ്യ ടെസ്റ്റ് അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യയ്ക്കെതിരെ ജയിക്കണമെങ്കിൽ അവസാന ദിനം ഇംഗ്ലണ്ടിന് ഇനി 350 റൺസ് കൂടി വേണം. ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റുകൾ വേഗത്തിൽ വീഴ്ത്താനായാൽ ഇന്ത്യക്ക് ഇന്ന് കാര്യങ്ങൾ എളുപ്പമാവും. രണ്ടാം ഇന്നിങ്സിൽ 364 റൺസിനാണ് ഇന്ത്യ ഓൾഔട്ടായത്. കെഎൽ രാഹുലിന്റെയും (137), റിഷഭ് പന്തിന്റെയും (118) സെഞ്ച്വറി മികവിൽ സന്ദർശകർ മികച്ച സ്കോർ നേടുകയായിരുന്നു. അവസാനം ഇംഗ്ലണ്ടിന് മുന്നിൽ 371 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്.
നാലാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഓപ്പണർമാരായ സാക്ക് ക്രോളിയും ബെൻ ഡക്കറ്റുമാണ് ക്രീസിൽ. അഞ്ചാം ദിനം മത്സരം ആരംഭിക്കുന്നതിന് മുൻപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇംഗ്ലീഷ് പേസർ ജോഷ് ടംഗ് രംഗത്തെത്തിയിരുന്നു. ഇന്ത്യ ഉയർത്തിയ വലിയ വിജയലക്ഷ്യം ഇംഗ്ലണ്ട് ടീം മറികടന്ന് ജയിക്കുമെന്നാണ് ടംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. സമനിലയ്ക്ക് വേണ്ടിയല്ല മറിച്ച് വിജയത്തിന് വേണ്ടിയാണ് തങ്ങൾ കളിക്കുന്നതെന്നും ടംഗ് തുറന്നുപറഞ്ഞു.
Read more
‘ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന് ജയിക്കാൻ തന്നെയാണ് ഇംഗ്ലണ്ട് ടീം ഇന്ന് ഇറങ്ങുന്നത്. ഇത് ഒരു അസാധ്യമായ ലക്ഷ്യമാണെന്ന് കരുതാൻ മാത്രം ഞങ്ങൾക്ക് മുന്നിൽ ഒരു കാരണവുമില്ല. സമനിലയ്ക്കായി കളിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. ലഞ്ചിന് ശേഷം സ്ഥിതി വിലയിരുത്തി മുന്നോട്ട് പോകും. ഏത് വലിയ സ്‌കോറും പിന്തുടരാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട് ‘, ഇംഗ്ലീഷ് പേസർ പറഞ്ഞു.