റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ഡ്രോണ്‍ ആക്രമണം, ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്‌, സംഭവം നടന്നത് പിഎസ്എല്‍ നടക്കേണ്ടിയിരുന്ന വേദിയില്‍

പാകിസ്ഥാനിലെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ സ്റ്റേഡിയം തകര്‍ന്നു. സംഭവത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ ക്രിക്കറ്റ് ലീഗില്‍ ഇന്ന് മത്സരം നടക്കേണ്ടിയിരുന്ന സ്റ്റേഡിയമായിരുന്നു ഇത്. പെഷവാര്‍ സാല്‍മിയും കറാച്ചി കിങ്‌സും തമ്മിലുളള പിഎസ്എല്‍ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ആക്രമണം നടന്നത്.

സംഭവത്തില്‍ സ്റ്റേഡിയത്തിന് സമീപമുളള ഒരു റെസ്റ്റോറന്റ് കെട്ടിടത്തിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമാബാദില്‍ തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങുകയാണ്. നിലവില്‍ പിഎസ്എലിലെ എല്ലാ മത്സരങ്ങളും കറാച്ചിയിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രോണ്‍ അപകടം പിഎസ്എല്‍ ടൂര്‍ണമെന്റിലെ കളിക്കാരുടെയും കാണികളുടെയും സുരക്ഷയെകുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

വാള്‍ട്ടണ്‍ എയര്‍ബേസില്‍ തുടര്‍ ആക്രമണങ്ങള്‍ നടന്നതായും വിവരമുണ്ട്. സംഭവത്തെ തുടര്‍ന്ന് മേഖല സീല്‍ ചെയ്തു. അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേരുകയാണ്‌.