ബുംറയ്ക്ക് പകരക്കാരനായി ഷമിയെ കളിപ്പിക്കരുത്, ഒരു ഗുണവും ഉണ്ടാകില്ല; തുറന്നടിച്ച് സുനില്‍ ഗവാസ്‌കര്‍

ടി20 ലോകകപ്പില്‍ പരിക്കിനെ തുടര്‍ന്ന് കളിക്കാനാവാത്ത പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് ഷമിയെ കളിപ്പിക്കാനുള്ള നീക്കത്തെ വിമര്‍ശിച്ച് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഷമി ഏറെ നാളായി കളത്തിന് പുറത്താണെന്നും ഷമിയെക്കൊണ്ട് ലോകകപ്പിന് പോകുന്നത് വലിയ ഗുണം ചെയ്തേക്കില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ഷമി ഏറെ നാളുകളായി കളിച്ചിട്ട്. ഇടവേളക്ക് ശേഷം നേരിട്ട് ടി20 ലോകകപ്പ് കളിക്കുക പ്രയാസമാണ്. സന്നാഹ മത്സരങ്ങളുണ്ടെങ്കിലും അത് പര്യാപ്തമാണെന്ന് കരുതുന്നില്ല. ഇതുവരെ ഇന്ത്യ 15ാമത്തെ താരത്തെ പ്രഖ്യാപിച്ചിട്ടില്ല. ആരാണ് ഓസ്ട്രേലിയയിലേക്ക് ബുംറയുടെ പകരക്കാരനായി പോവുകയെന്നത് എനിക്കറിയില്ല. എന്നാല്‍ ഇടവേള വന്നിരിക്കുന്ന ഷമിയെക്കൊണ്ട് പോകുന്നത് വലിയ ഗുണം ചെയ്തേക്കില്ല.

ഇപ്പോഴത്തെ ഫോം വിലയിരുത്തി ഞാന്‍ സിറാജിനൊപ്പമാവും നില്‍ക്കുക. ഷമിയുടെ മികവില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഷമി സമീപകാലത്തായി മത്സരങ്ങളൊന്നും കളിച്ചിട്ടില്ലെന്നത് വസ്തുതയാണ്. പനിക്ക് ശേഷം തിരിച്ചെത്തുക വളരെ പ്രയാസമാണ്. അവന്റെ ഫിറ്റ്നസിനെ അത് ബാധിച്ചിട്ടുണ്ടാവും. ടി20യില്‍ നാല് ഓവര്‍ മാത്രം എറിഞ്ഞാല്‍ മതി. എന്നാല്‍ സിറാജിന്റെ ബൗളിങ് നോക്കുക. അവന്‍ ഇത്രയും മികച്ച രീതിയില്‍ പന്തെറിയുമ്പോള്‍ മാറ്റിനിര്‍ത്താനാവില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

Read more

നിലവില്‍ ബുംറയുടെ പകരക്കാരനെ ഔദ്യോഗികമായി ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല. ബുംറയുടെ പകരക്കാരനാവാന്‍ സാദ്ധ്യതയുള്ള ദീപക് ചഹാര്‍ പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. ഇനി മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരിലൊരാള്‍ക്കാണ് അവസരം ലഭിക്കുക. ഇതില്‍തന്നെ ഷമിയ്ക്കാണ് സാദ്ധ്യത കൂടുതല്‍.