രാജ്യാന്തര അവയവക്കടത്ത്: കേസ് എൻഐഎ ഏറ്റെടുത്തേക്കും, തീവ്രവാദ ബന്ധം പരിശോധിക്കും

രാജ്യാന്തര അവയവക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്തേക്കും. അന്വേഷണ സംഘം വിപുലമാക്കിയതായി എറണാകുളം റൂറൽ എസ് പി വൈഭവ് സക്സേന അറിയിച്ചു. വിശദമായ അന്വേഷണത്തിനായി പത്തംഗസംഘത്തെ എറണാകുളം റൂറൽ പൊലീസ് നിയോഗിച്ചു. കേസിലെ തീവ്രവാദ ബന്ധം പരിശോധിക്കാനും തീരുമാനം ആയിട്ടുണ്ട്. നിലവിൽ സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസിൽ രാജ്യാന്തര ബന്ധം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കുന്ന കാര്യം കേന്ദ്ര ഏജൻസികൾ ആലോചിക്കുന്നത്.

രാജ്യാന്തര അവയവക്കച്ചവട റാക്കറ്റിൽപ്പെട്ട ഒരാൾ നേരത്തെ മുംബൈയിൽ പിടിയിലായിരുന്നു. തുടർന്ന് കേസിൽ മലയാളിയായ സബിത് നാസറിന് പങ്കുണ്ടെന്ന വിലയിരുത്തലിൽ അന്വേഷണം ഇയാളിലേക്ക് തിരിയുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി കൊച്ചി കുവൈറ്റ് ഇറാൻ റൂട്ടിൽ സ്ഥിരമായി യാത്ര ചെയ്തിരുന്ന പ്രതി അവയവക്കച്ചവടത്തിനായി ആളുകളെ കൊണ്ടുപോയെന്ന് കണ്ടെത്തി. പിന്നീട് ഇയാളെ നെടുമ്പാശ്ശേരിയില്‍ വെച്ച് പിടികൂടുകയായിരുന്നു.

പ്രതിയെ എൻഐഎയും ഐബിയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കേസിലെ പല പ്രധാന സംഭവങ്ങളും നടന്ന സംസ്ഥാന പൊലീസിന്‍റെ അന്വേഷണ പരിധിക്കും പുറത്താണ്. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്നും എൻഐഎ പരിശോധിക്കുന്നുണ്ട്. നിലവിലെ സാഹചര്യങ്ങൾ വിശദമായി പരിശോധിച്ച് കേസ് എൻഐഎ ഏറ്റെടുക്കുന്നതടക്കം തുടർനടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന.