കുതിരാന്‍ തുരങ്കത്തില്‍ ഓക്‌സിജന്‍ കിട്ടുന്നില്ല, യാത്രക്കാര്‍ക്ക് ശ്വാസ തടസ്സം; തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നു; കേരളത്തിലെ ആദ്യ റോഡ് ടണലില്‍ നടുക്കുന്ന മരണക്കളി

മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാന്‍ തുരങ്കം സുരക്ഷാ ഭീഷണിയില്‍. തുരങ്കത്തിനുള്ളില്‍ വൈദ്യുതി അടിക്കടി മുടങ്ങുന്നതാണ് തുരങ്കത്തില്‍ ജീവന്‍ ഭീഷണി ഉയര്‍ത്തുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി മണിക്കൂറുകളോളം തുരങ്കത്തില്‍ വൈദ്യുതി മുടങ്ങി.

വൈദ്യുതി തടസ്സമുണ്ടാകുന്ന സമയത്തു തന്നെ ജനറേറ്റര്‍ പ്രവര്‍ത്തനക്ഷമമാകേണ്ടതാണ്. എന്നാല്‍ പലപ്പോഴും കൂടുതല്‍ സമയം വൈദ്യുതി തടസ്സപ്പെടുന്നതായാണു പരാതി. വൈദ്യുതി തടസ്സപ്പെടുമ്പോള്‍ എക്‌സ്‌ഹോസ്റ്റ് ഫാനുകളും അന്തരീക്ഷത്തിലെ താപനില അളക്കുന്നതിനുള്ള സംവിധാനവും എല്‍ഇഡി ബള്‍ബില്‍ സ്ഥാപിച്ചിട്ടുള്ള സൂചന ബോര്‍ഡുകളും പ്രവര്‍ത്തന രഹിതമാകും. ഇതു കൂടുതല്‍ അപകട സാധ്യത ഉയര്‍ത്തുന്നുണ്ട്.

പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെയാണ് ഇരുഭാഗത്തേക്കും വാഹനങ്ങള്‍ കടന്നുപോകുന്നത്. വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തുരങ്കത്തിനുള്ളില്‍ പ്രവേശിക്കുന്നതിനു തൊട്ടു മുന്‍പായി എല്ലാ വാഹനങ്ങളും ഹെഡ് ലൈറ്റ് ഓണാക്കണമെന്നു നിര്‍ദേശമുണ്ട്.

വലിയവെളിച്ചത്തില്‍ നിന്നു തുരങ്കത്തിനുള്ളിലേക്കു പ്രവേശിക്കുമ്പോള്‍ തുരങ്കത്തില്‍ വെളിച്ചമില്ലാത്തത് വാഹനങ്ങള്‍ക്ക് അപകടഭീഷണി സൃഷ്ടിക്കുന്നതായി യാത്രക്കാര്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി വൈദ്യുതി തടസ്സമുണ്ടാകാറുണ്ടെന്നും യാത്രക്കാര്‍ പറയുന്നു.

തുരങ്കത്തിനുള്ളില്‍ പഴുതടച്ച സുരക്ഷയുണ്ടെന്ന് അവകാശപ്പെടുമ്പോഴാണ് ഇരുചക്ര വാഹന യാത്രക്കാര്‍ അടക്കമുള്ളവര്‍ പൊടിശല്യം മൂലം ദുരിതം അനുഭവിക്കുന്നത്. വാഹനങ്ങള്‍ പായുമ്പോള്‍ ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടുന്നില്ലെന്നും ശ്വാസ തടസ്സം ഉണ്ടാകുന്നുവെന്നുമാണ് യാത്രക്കാരുടെ പരാതി.

അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചു കൊണ്ടാണ് തുരങ്കം തുറന്നു കൊടുത്തത്. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ നിയമാവലി പ്രകാരം അതീവ ജാഗ്രത ആവശ്യമുള്ള എഎ വിഭാഗത്തിലാണ് കുതിരാന്‍ തുരങ്കം ഉള്‍പ്പെടുന്നത്.

വായുസഞ്ചാരം സുഗമമാക്കാന്‍ പ്രത്യേകം രൂപകല്‍പന ചെയ്ത എക്‌സോറ്റ് ഫാനുകള്‍, സ്വയം നിയന്ത്രിത ലൈറ്റുകളും ഫാനുകളും, നിരീക്ഷണ ക്യാമറകള്‍, അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍, 24 മണിക്കൂറും ജലലഭ്യത, യന്ത്രവല്‍കൃത തീയണയ്ക്കല്‍ സംവിധാനം എന്നിവ തുരങ്കത്തിലുണ്ടായിരുന്നു. എന്നാല്‍, ഇവയില്‍ പലതും പ്രവര്‍ത്തന രഹിതമാണ്്. തുരങ്കത്തില്‍ വൈദ്യുതി നിലച്ചാലും തനിയെ പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ സജ്ജമാക്കണമെന്നാണ് ദേശീയപാത അതോറിറ്റിയുമായി ഉണ്ടാക്കിയ കരാര്‍. എന്നാല്‍, വൈദ്യുതി നിലയ്ക്കുമ്പോള്‍ ജനറേറ്റര്‍ ഒരിക്കലും പ്രവര്‍ത്തിപ്പിക്കാറില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.