നടിയെ ആക്രമിച്ച കേസിൽ സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പമാണെന്ന് മുതിർന്ന സിപിഐഎം നേതാവ് എകെ ബാലൻ. അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരമാണെന്നും അതിനു മറുപടി പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും എകെ ബാലൻ പറഞ്ഞു. ബി സന്ധ്യ ക്രിമിനൽ ആണെന്ന അഭിപ്രായം തനിക്ക് ഇല്ലെന്നും എകെ ബാലൻ പറഞ്ഞു.
കേസിൽ ഗൂഡാലോചന തെളിയിക്കാൻ മേൽകോടതികൾ ഉണ്ടെന്നും എകെ ബാലൻ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ആരും ശ്രമിച്ചിട്ടില്ല. കോടതിയുടെ മുന്നിലുള്ള തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് വിധി. ഗൂഡാലോചന തെളിഞ്ഞിട്ടില്ല എന്ന് കോടതി പറയാൻ പ്രധാനപ്പെട്ട കാരണങ്ങൾ ഉണ്ടാകുമെന്നും എകെ ബാലൻ പറഞ്ഞു. ജുഡീഷ്യറിയെ കുറ്റപ്പെടുത്തി എന്തെങ്കിലും പറയുന്നതിന് ഇപ്പോൾ അടിസ്ഥാനം ഇല്ലെന്നും എകെ ബാലൻ കൂട്ടിച്ചേർത്തു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.







