ജാർഖണ്ഡ് എംപിയും മുൻ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിൻഹയുടെ മകനുമായ ജയന്ത് സിൻഹയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ച് ബിജെപി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ആദിത്യ സാഹുവാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാതിരുന്നു, വോട്ട് ചെയ്‌തില്ല എന്നീ കാരണങ്ങൾ കാണിച്ചാണ് ജയന്ത് സിൻഹയോട് വിശദീകരണം തേടിയിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ കാരണം വ്യക്തമാക്കണമെന്നാണ് ജയന്ത് സിൻഹയോട് ബിജെപി ആവശ്യപ്പെട്ടിട്ടുള്ളത്.
“മണ്ഡലത്തിൽ മനീഷ് ജയ്സ്വാളിനെ ബിജെപി സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജയന്തിൻ്റെ മനംമാറ്റം. വോട്ട് ചെയ്യണമെന്നു പോലും നിങ്ങൾക്ക് തോന്നിയില്ല. ഈ പ്രവൃത്തിയിലൂടെ പാർട്ടിയുടെ പ്രതിച്‌ഛായയ്ക്ക് മങ്ങലേറ്റു”- ബിജെപി ജാർഖണ്ഡ് സംസ്‌ഥാന ജനറൽ സെക്രട്ടറി ആദിത്യ സാഹു അയച്ച നോട്ടിസിൽ ആരോപിക്കുന്നു.
ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ തന്നെ തഴഞ്ഞ് മനീഷ് ജയ്‌സ്വാളിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് ശേഷം ജയന്ത് സിന്‍ഹ പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നു എന്ന പരാതിയുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്ന ആവശ്യം ജയന്ത് സിന്‍ഹ മാര്‍ച്ച് 2ന് സാമൂഹ്യമാധ്യമമായ എക്‌സിലൂടെ ഉന്നയിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ശ്രമങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് ഈ തീരുമാനം എന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയെ ടാഗ് ചെയ്‌ത് ജയന്ത് സിന്‍ഹയുടെ ട്വീറ്റ്.
Read more
1998 മുതൽ 26 വർഷം യശ്വന്ത് സിൻഹയും മകൻ ജയന്ത് സിൻഹയുമാണ് പാർലമെന്റിൽ ഹസാരിബാഗിനെ പ്രതിനിധാനം ചെയ്തിരുന്നത്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ഗോപാല്‍ സാഹുവിനെ 4.79 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോല്‍പിച്ചയാളാണ് ജയന്ത് സിന്‍ഹ.