ക്രിക്കറ്റ് ദൈവങ്ങള്‍ കനിയുന്നു, ഏഷ്യാ കപ്പില്‍ ഇടം പിടിച്ചാല്‍ സഞ്ജുവിന് ലോക കപ്പും കളിക്കാം!

ഏഷ്യ കപ്പിനു ഇറങ്ങുന്ന താരങ്ങള്‍ തന്നെയായിരിക്കും ഇന്ത്യയുടെ ടി20 ലോക കപ്പ് സ്‌ക്വാഡിലും ഇടംപിടിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍. ലോക കപ്പിന് ഇറങ്ങുന്ന ടീമിന് ആവശ്യത്തിന് മത്സരങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഏഷ്യ കപ്പിനും അതേ ടീമിനെ പ്രഖ്യാപിക്കുവാന്‍ സെലക്ടര്‍മാര്‍ ഒരുങ്ങുന്നത്.

ഏഷ്യാ കപ്പ് ഇന്ത്യന്‍ സ്‌ക്വാഡിനെ ഓഗസ്റ്റ് എട്ടിന് ബിസിസിഐ പ്രഖ്യാപിക്കും. ടീമുകള്‍ക്ക് തങ്ങളുടെ ടീമിനെ സമര്‍പ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 8 വരെയാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ നിശ്ചയിച്ചിട്ടുള്ളത്. യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കാന്‍ ബിസിസിഐ സെലക്ടര്‍മാര്‍ അന്നേ ദിവസം മുംബൈയില്‍ ഉച്ചയ്ക്ക് യോഗം ചേരും.

ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, കെ എല്‍ രാഹുലിന്റെ ഫിറ്റ്‌നസിന്റെയും വിരാട് കോഹ്ലിയുടെ ഫോമിന്റെയും കാര്യത്തില്‍ സെലക്ടര്‍മാര്‍ അങ്ങേയറ്റം ആശങ്കാകുലരാണ്. ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് രണ്ട് വിഷയങ്ങളും സെലക്ടര്‍മാര്‍ ചര്‍ച്ച ചെയ്യും. ഇരുവരും പുറത്തിരുന്നാല്‍ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചേക്കാം.

കെ എല്‍ രാഹുല്‍ സുഖം പ്രാപിക്കുമെന്നാണ് കരുതുന്നതെന്നും ടീമിന് അവന്റെ നിലവാരമുള്ള കളിക്കാരന്‍ ആവശ്യമാണെന്നും ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ ഇന്‍സൈഡ് സ്പോര്‍ട്ടിനോട് പറഞ്ഞു. ടീമിനെ അന്തിമമാക്കുന്നതിന് മുമ്പ് സെലക്ടര്‍മാര്‍ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പര സൂക്ഷ്മമായി വീക്ഷിക്കും.

Read more

ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോക കപ്പിന് മുമ്പ് ഈ വര്‍ഷം ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായാണ് ഏഷ്യാ കപ്പ് നടക്കുക. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.