ഇന്ത്യയുടേത് ദുരന്തം ക്യാപ്റ്റന്‍, ടോസ് വിളിക്കാന്‍ പോലും പറ്റുന്നില്ല; പരിഹസിച്ച് പാക് താരം

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആശയക്കുഴപ്പത്തിലായതു ചൂണ്ടിക്കാട്ടി പാക് മുന്‍ താരം കമ്രാന്‍ അക്മലിന്റെ പരിഹാസം. എല്ലാ ഫോര്‍മാറ്റിലേയും ക്യാപ്റ്റന്‍ സ്ഥാനം രോഹിത് ശര്‍മയെ ഏല്‍പിച്ചതു താരത്തെ മോശമായി ബാധിച്ചെന്നും ടോസ് വിളിക്കാന്‍ പോലും അദ്ദേഹത്തിന് പറ്റുന്നില്ലെന്നും കമ്രാന്‍ അക്മല്‍ പരിഹസിച്ചു.

നിങ്ങള്‍ക്ക് രണ്ടു ക്യാപ്റ്റന്‍മാരെ നിയോഗിക്കാം. ജോലി ഭാരം അങ്ങനെ കൈകാര്യം ചെയ്യാം. മൂന്നു ഫോര്‍മാറ്റിലും ക്യാപ്റ്റനായിരിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിനെ അഞ്ചു വര്‍ഷക്കാലം നയിച്ച വിരാട് കോഹ്‌ലി ധീരനാണ്. ഇപ്പോള്‍ രോഹിത് ശര്‍മയുടെ അവസ്ഥ നോക്കൂ. ടോസ് നേടി ബാറ്റിംഗോ, ബോളിംഗോ എന്നു പറയാന്‍ പോലും അദ്ദേഹം മറന്നിരിക്കുന്നു.

മൂന്നു ഫോര്‍മാറ്റുകളിലും മൂന്നു ക്യാപ്റ്റന്‍ എന്ന രീതിയെ ഞാന്‍ പിന്തുണയ്ക്കില്ല. അടുത്തു തന്നെ ലോകകപ്പ് ക്രിക്കറ്റുണ്ട്. അതുകൊണ്ട് ഇപ്പോള്‍ ക്യാപ്റ്റനെ മാറ്റാനൊന്നും സമയമില്ല. ടി20 ലോകകപ്പ് കഴിഞ്ഞ ഉടന്‍ തന്നെ ഇന്ത്യ ക്യാപ്റ്റനെ മാറ്റണമായിരുന്നു. അപ്പോള്‍ പുതിയ ക്യാപ്റ്റന് കുറച്ചു സമയമെങ്കിലും കിട്ടുമായിരുന്നു- കമ്രാന്‍ അക്മല്‍ പറഞ്ഞു.

സിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് ലഭിച്ച ശേഷം ബോളിംഗോ ബാറ്റിംഗോ എന്ന തീരുമാനം എടുക്കാന്‍ അല്‍പ്പ നേരം കുഴയുന്ന രോഹിത്തിനെ മൈതാനത്ത് കാണാനായിരുന്നു. അടുത്ത് നിന്ന് കിവീസ് നായകന്‍ ടോം ലാഥവും കമന്ററേറ്റര്‍ രവി ശാസ്ത്രിയും രോഹിത്തിന്റെ കുഴച്ചില്‍ കണ്ട് ചിരിച്ചു പോയി. ഒടുവില്‍ കുറേ കുഴഞ്ഞ് പണിപ്പെട്ട് താരം ബോളിംഗ് ചെയ്യാം എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.