വന്‍ പുലികള്‍ കളത്തിലെത്തില്ല; പുതിയ വഴി തേടി ഫ്രാഞ്ചൈസികള്‍

ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിന് വേദിയൊരുക്കാന്‍ തയാറെടുക്കുകയാണ് യുഎഇ. കോവിഡ് കാരണം പാതിയില്‍ നിര്‍ത്തിയ ഐപിഎല്‍ സെപ്റ്റംബറിലാണ് തുടങ്ങുക. ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ടത്തില്‍ പല പ്രമുഖ വിദേശ താരങ്ങളും വിട്ടുനില്‍ക്കുന്നത് ടീമുകള്‍ക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ആരാധകരെയും അതു നിരാശയിലാക്കുന്നു. പ്രധാനമായും, ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടെയും കളിക്കാരാണ് ഐപിഎല്‍ രണ്ടാം ഘട്ടത്തിനെ ഒഴിവാക്കുന്നത്.

മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് ഐപിഎല്ലിന്റെ അവശേഷിക്കുന്ന മത്സരങ്ങളിലെ പ്രധാന അസാന്നിധ്യം. വന്‍തുക വാരിയെറിഞ്ഞ് ഒപ്പംകൂട്ടിയ കമ്മിന്‍സിന്റെ അഭാവം നൈറ്റ് റൈഡേഴ്‌സിന് വന്‍ തിരിച്ചടിയാകും. കമ്മിന്‍സ് മികച്ച ഫോമിലായിരുന്നെന്നതും കൊല്‍ക്കത്ത ടീമിന്റെ നഷ്ടത്തിന്റെ ആഴമേറ്റുന്നു.

താരങ്ങളുടെ പിന്‍വാങ്ങല്‍മൂലം ഏറ്റവുമധികം പ്രതിസന്ധിയിലായത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്. ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപ, പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സ്ണ്‍, ഓള്‍ റൗണ്ടര്‍ ഡാനിയേല്‍ സാംസ്, ന്യൂസിലന്‍ഡിന്റെ ഫിന്‍ അലന്‍ എന്നിവര്‍ ആര്‍സിബി നിരയിലുണ്ടാവില്ല. ട്വന്റി20 ലോക കപ്പിനുള്ള ഓസിസ് ടീമില്‍ ഉള്‍പ്പെട്ടതാണ് സാംപയും റിച്ചാര്‍ഡ്‌സണും മാറിനില്‍ക്കാന്‍ കാരണം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സാംസിന്റെ പിന്മാറ്റം. ദേശീയ ടീമിനായി സമയം ചെലവിടുകയാണ് ഫിന്‍ അലന്റെ ലക്ഷ്യം.

രാജസ്ഥാന്‍ റോയല്‍സിന് ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്‌ലറുടെയും സൂപ്പര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറിന്റെയും ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെയും സേവനം ലഭിക്കില്ല. ഭാര്യയുടെ പ്രസവശുശ്രൂഷയ്ക്കാണ് ബട്ട്‌ലര്‍ അവധിയെടുക്കുന്നത്. കൈമുട്ടിനേറ്റ പരിക്ക് ആര്‍ച്ചറിന് വിഘാതം സൃഷ്ടിക്കുന്നു. സ്‌റ്റോക്‌സ് തല്‍ക്കാലം ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുകയാണ്.

Read more

യുവ ഓസ്‌ട്രേലിയന്‍ പേസര്‍മാരായ ജെയ് റിച്ചാര്‍ഡ്‌സണ്‍, റിലി മെറെഡിത്ത് എന്നിവരുടെ തുണ പഞ്ചാബ് കിംഗ്‌സിന് ലഭിക്കില്ലെന്നത് ഉറപ്പായിക്കഴിഞ്ഞു. ഐപിഎല്‍ രണ്ടാം ഘട്ടത്തില്‍ കളിക്കാത്ത താരങ്ങളുടെ പകരക്കാരെ ടീമുകള്‍ ഒപ്പംകൂട്ടാന്‍ തുടങ്ങിയിട്ടുണ്ട്.