ചതി വൻ ചതി, റാഷിദ് ഖാൻ ആയിരുന്നു മാൻ ഓഫ് ദി മാച്ച് അർഹിച്ചിരുന്നത്; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസിനോട് തോറ്റിട്ടും ബാറ്റിംഗിലും ബോളിങ്ങിലും അഫ്ഗാനിസ്ഥാൻ സൂപ്പർ താരം റാഷിദ് ഖാൻ ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയത് . തന്റെ 24-ാം വയസ്സിൽ ടി20 ഫോർമാറ്റിലെ ഇതിഹാസമായി മുദ്രകുത്തപ്പെടുന്നത് എന്തുകൊണ്ടെന്ന് റാഷിദ് ഒരിക്കൽക്കൂടി തെളിയിച്ചു. ഇന്നലെ ബോളുകൊണ്ടുള്ള തകർപ്പൻ പ്രകടനത്തിന് ശേഷം, ബാറ്റിംഗിലും രക്ഷിക്കാൻ റാഷിദ് തന്നെ വേണ്ടിവന്നു.

ഗുജറാത്ത് ടൈറ്റൻസിന്റെ ചേസിന് രണ്ട് വിപരീത പകുതികളുണ്ടായിരുന്നു, ആദ്യ പകുതിയിൽ മുംബൈ ബോളറുമാരുടെ ആധിപത്യം കണ്ടപ്പോൾ രണ്ടാം പകുതിയിൽ റാഷിദ് ഖാൻ എന്ന ഒറ്റയാന് മുന്നിൽ മുംബൈ ഒന്ന് വിറക്കുന്ന കാഴ്‌സിയാണ് കണ്ടത്. 32 പന്തിൽ 79 റൺസാണ് നേടിയ റഷീദ് ടീമിന് അവസാനം വരെ പ്രതീക്ഷ നൽകി.

മുൻ ഇന്ത്യൻ താരം സുബ്രമണ്യൻ ബദരീനാഥ് പറയുന്നത് പ്രകാരം ഇന്നലെ ബാറ്റിംഗിലും ബോളിങ്ങിലും മികച്ച പ്രകടനം നടത്തിയ റാഷിദിന് തന്നെ മാൻ ഓഫ് ദി മാച്ച്‌ നൽകണം എന്ന വാദമാണ് മുൻ താരം ഉന്നയിച്ചത്. സൂര്യകുമാർ യാദവിന്റെ മികച്ച പ്രകടനത്തെ വിലകുറച്ച് കാണുക അല്ലെന്നും എന്നാൽ ബാറ്റിംഗിൽ അവസാനം വരെ ടീമിന് പ്രതീക്ഷ നൽകിയ റാഷിദിന് തന്നെ ആണ് അതിന് അര്ഹത എന്നാണ് ബദരീനാഥ് പറയുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരായ തങ്ങളുടെ മത്സരത്തിൽ ടീമിനായി ആകെ നന്നായി കളിച്ചത് റഷീദ് ഖാൻ മാത്രം ആണെന്നും ബാക്കി താരങ്ങൾ ആരും ഉത്തരവാദിത്വം കാണിച്ചില്ല എന്നും ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പറഞ്ഞിരുന്നു.