ഈ പരിപാടി നടക്കില്ല, ഹാര്‍ദ്ദിക്കിനെ തലപ്പത്തുനിന്ന് താഴെ ഇറക്കാന്‍ ബിസിസിഐ, പകരം ആ താരത്തെ അവരോധിക്കുന്നു

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ഏകദിന വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും പുറത്താക്കാന്‍ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. താരത്തെ തുടരെ തുടരെ പരിക്ക് വേട്ടയാടുന്നത് കണക്കിലെടുത്താണ് ഇങ്ങനൊരു നീക്കം. സമാപിച്ച ഏകദിന ലോകകപ്പില്‍ ഹാര്‍ദ്ദിക്കായിരുന്നു ടീമിന്റെ വൈസ് ക്യാപ്റ്റന്‍. എന്നാല്‍ പരിക്കിനെ തുടര്‍ന്നു നാലു മല്‍സരങ്ങള്‍ക്കു ശേഷം ഹാര്‍ദിക്കിനു ടൂര്‍ണമെന്റില്‍ നിന്നും പിന്മാറേണ്ടി വന്നിരുന്നു.

ഹാര്‍ദ്ദിക്കിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍ രാഹുലിനെ ആ സ്ഥാനത്തേക്ക് എത്തിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ലോകകപ്പില്‍ ഹാര്‍ദ്ദിക്കിന്റെ ആഭാവത്തില്‍ രാഹുലായിരുന്നു ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും ഉജ്ജ്വല പ്രകടനമാണ് രാഹുല്‍ ഇന്ത്യയ്ക്കായി നടത്തിക്കൊണ്ടിരിക്കുന്നത്.

ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍സി മാത്രമല്ല ടി20യില്‍ നായകസ്ഥാനവും ചിലപ്പോള്‍ ഹാര്‍ദ്ദിക്കിനു നഷ്ടമായേക്കും. ഹാര്‍ദ്ദിക്കിന്റെ അഭാവത്തില്‍ ഓസ്ട്രലിയക്കെതിരേ നടക്കാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിക്കുന്നത്.

സൂര്യകുമാറിനെ സ്ഥിരം നായകനായി ബിസിസിഐ പരിഗണിക്കാന്‍ സാധ്യത കുറവാണ്.അടുത്ത അഞ്ച് വര്‍ഷത്തേക്കെങ്കിലും ടീമിനെ നയിക്കാന്‍ ശേഷിയുള്ള ഒരു യുവ ക്യാപ്റ്റനെയാണ് ടി20യില്‍ ഇന്ത്യക്ക് ആവശ്യം. ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ തുടങ്ങിയവര്‍ ഈ റോളിലേക്കു നല്ല ഓപ്ഷനുകളാണ്.