കടുത്ത ചൂടില്‍ ഒന്‍പത് മണിക്കൂര്‍ ബാറ്റിംഗ്, മടക്കം ഇരട്ട സെഞ്ച്വറിയുമായി; ഇംഗ്ലീഷ് കാണികളെ അത്ഭുതപ്പെടുത്തി പുജാര

കൗണ്ടി ക്രിക്കറ്റില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി കളം നിറഞ്ഞ് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മിഡില്‍സെക്‌സിനെതിരായ മത്സരത്തില്‍ സസെക്‌സിനായി താരം ഇരട്ട സെഞ്ച്വറി നേടി. 403 പന്തില്‍ പൂജാര 231 റണ്‍സെടുത്തു. 21 ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതായിരുന്നു പൂജാരയുടെ ഇന്നിംഗ്‌സ്.

ഇംഗ്ലണ്ടിലെ കടുത്ത ചൂടില്‍ ഒന്‍പത് മണിക്കൂറാണു പൂജാര ബാറ്റു ചെയ്തത്. കൗണ്ടി സീസണിലെ തന്റെ മൂന്നാമത് ഇരട്ട സെഞ്ച്വറിയാണ് മിഡില്‍സെക്‌സിനെതിരെ പൂജാര നേടിയത്. ലോഡ്‌സ് സ്റ്റേിയത്തില്‍ മിഡില്‍സെക്‌സിനെതിരെ ഇരട്ട സെഞ്ച്വറി നേടുന്ന സസെക്‌സിന്റെ ആദ്യ ഇന്ത്യന്‍ താരമായും പൂജാര മാറി.

ടോസ് നേടിയ മിഡില്‍സെക്‌സ് സസെക്‌സിനെ ബാറ്റിംഗിനു വിടുകയായിരുന്നു. ആദ്യ ദിനം സെഞ്ചറി തികച്ച പൂജാര (115) രണ്ടാം ദിനം അത് ഇരട്ട സെഞ്ച്വറിയാക്കി മാറ്റുകയായിരുന്നു. ടോം ഹെലമിന്റെ പന്തില്‍ സ്റ്റോണ്‍മാന്‍ ക്യാച്ചെടുത്താണു പൂജാര പുറത്തായത്. ആദ്യ ഇന്നിങ്‌സില്‍ സസെക്‌സ് 523 റണ്‍സെടുത്തു.

മത്സരത്തില്‍ പൂജാരയാണ് സസെക്സിന്റെ താല്‍ക്കാലിക ക്യാപ്റ്റന്‍. നായകന്‍ ടോം ഹെയ്ന്‍സ് പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് പുജാരയെ നായകനാക്കിയത്. 2022ലെ കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ഡിവിഷന്‍ രണ്ടിന്റെ പോയിന്റ് പട്ടികയില്‍ നിലവില്‍ ഒമ്പതാം സ്ഥാനത്താണ് സസെക്‌സ്.