സ്മിത്തിന്റെ തിരിച്ചുവരവ്, മാക്‌സ്‌വെല്ലിന്റെ വെടിക്കെട്ട്, ഓസീസിന് ജയം

ന്യൂസിലന്‍ഡ് ഇലവനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഗ്രെന്‍ മാക്‌സ്‌വെല്ലും തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച മത്സരത്തില്‍ മഴനിയമപ്രകാരം അഞ്ച് വിക്കറ്റിനാണ് ഓസ്ട്രേലിയ അയല്‍ക്കാരെ തോല്‍പിച്ചത്.

മാക്‌സ്‌വെല്‍ 48 പന്തില്‍ 70 റണ്‍സെടുത്തപ്പോള്‍ സ്മിത്ത് 108 പന്തില്‍ 91 റണ്‍സുമായി പുറത്താകാതെ നിന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ഓസ്ട്രേലിയ സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത കിവികള്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 286 റണ്‍സെടുത്തു. യംഗ് സെഞ്ച്വറിയും(111) വര്‍ക്കര്‍(59) റണ്‍സുമെടുത്തു. മറുപടി ബാറ്റിംഗില്‍ വാര്‍ണറടക്കമുള്ള മുന്‍നിര തുടക്കത്തിലെ തകര്‍ന്നെങ്കിലും അഞ്ചാം വിക്കറ്റില്‍ 104 റണ്‍സെടുത്ത സ്മിത്തും മാക്സിയും ഓസ്ട്രേലിയ്ക്ക് കരുത്തായി. ഓസീസ് 44 ഓവറില്‍ സ്‌കോര്‍ 248/5 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ കളി തടസപ്പെട്ടതോടെ മഴനിയമം അനുസരിച്ച് ഓസ്‌ട്രേലിയ ജയിക്കുകയായിരുന്നു.

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം നേരത്തെ വിജയിച്ചതിനാല്‍ 2-1ന് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി. ഇതോടെ ഓസ്ട്രേലിയക്ക് സ്വന്തം മണ്ണിലെ ലോക കപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് അവസാനമായി. എന്നാല്‍ ലോക കപ്പിന് മുമ്പ് ഇംഗ്ലണ്ടില്‍ രണ്ട് ഔദ്യോഗിക പരിശീലന മത്സരങ്ങള്‍ ഓസ്ട്രേലിയ കളിക്കും. ഇംഗ്ലണ്ടും ശ്രീലങ്കയുമാണ് എതിരാളികള്‍.