ഏഷ്യന്‍ ഗെയിംസ് 2023: ഇന്ത്യന്‍ പരിശീലക സംഘത്തെ പ്രഖ്യാപിച്ചു

2023ലെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിനെ ബാറ്റിംഗ് ഇതിഹാസവും നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനുമായ വിവിഎസ് ലക്ഷ്മണ്‍ നയിക്കും. ലക്ഷ്മണിനെ കൂടാതെ ഇന്ത്യന്‍ മുന്‍ ലെഗ് സ്പിന്നര്‍ സായിരാജ് ബഹുതുലെ, മുനിഷ് ബാലി എന്നിവരും പരിശീലക റോളില്‍ ഇന്ത്യന്‍ പുരുഷ ടീമിനൊപ്പമുണ്ടാകും.

മുന്‍ ഓള്‍റൗണ്ടര്‍ ഹൃഷികേശ് കനിത്കറാണ് ഇന്ത്യന്‍ വനിതാ ടീമിനെ നയിക്കുക. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 8 വരെ ഹാങ്ഷൗവിലാണ് 2023 ഏഷ്യന്‍ ഗെയിംസ് നടക്കുക. നീണ്ട ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോണ്ടിനെന്റല്‍ ഗെയിംസില്‍ മത്സരിക്കുന്നത്.

യുവ ഓപ്പണര്‍ ഋതുരാജ് ഗെയിക്ക്വാദിനെയാണ് ഏഷ്യന്‍ ഗെയിംസിനുള്ള പുരുഷ ടീമിന്റെ നായകനായി ബിസിസിഐ തിരഞ്ഞെടുത്തിരിക്കുന്നത്. ഏകദിന ലോകകപ്പും ഏഷ്യന്‍ ഗെയിംസും ഏകദേശം അടുത്തടുത്ത് നടക്കുന്നതിനാല്‍ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങളെ ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടില്ല.

Read more

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീം: ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്നോയ്, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ, പ്രഭ്സിമ്രന്‍ സിങ് (വിക്കറ്റ് കീപ്പര്‍).