കര്‍മ്മ ബൂമറാങ്ങായി: കൊല്‍ക്കത്തയ്‌ക്കെതിരെ ഭൂലോക മണ്ടത്തരം കാണിച്ച് നാണംകെട്ട് അശ്വിന്‍

ക്രിക്കറ്റ് നിയമത്തിന്റെ പേരില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ ജോസ് ബട്ട്‌ലറെ മങ്കാദിംഗ് ചെയ്ത് പുറത്താക്കി വിജയം നേടിയ കിംഗ്സ് ഇലവന്‍ പഞ്ചാബിന് കൊല്‍ക്കത്തയ്‌ക്കെതിരെ വിനയായത് മറ്റൊരു ക്രിക്കറ്റ് നിയമം. മത്സരത്തില്‍ 17 പന്തില്‍ 48 റണ്‍സ് നേടി തകര്‍ത്തടിച്ച ആന്ദ്രേ റസ്സലിന്റെ മികവിലാണ് കൊല്‍ക്കത്ത 218 എന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. അതിനു മുമ്പ്  പതിനാറാം ഓവറിലെ തന്റെ അവസാന പന്തില്‍ റസ്സലിനെ പുറത്താക്കാന്‍ മൊഹമ്മദ് ഷാമിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ അശ്വിന്റെ അശ്രദ്ധ പഞ്ചാബിന് തിരിച്ചടിയായി. മൂന്ന് ഫീല്‍ഡര്‍മാരെ മാത്രമായിരുന്നു ഇന്നര്‍ സര്‍ക്കിളില്‍ അശ്വിന്‍ വിന്യസിച്ചിരുന്നത്. അതുകൊണ്ട് തന്നെ അമ്പയര്‍ നോ ബോള്‍ വിധിക്കുകയും തനിക്ക് കിട്ടിയ അവസരം റസ്സല്‍ വിനിയോഗിക്കുകയും ചെയ്തു.

കഴിഞ്ഞ മത്സരത്തില്‍ ബട്ട്‌ലറെ മങ്കാദിംഗ് ചെയ്ത് പുറത്താക്കിയ ശേഷം രൂക്ഷ വിമര്‍ശനങ്ങളാണ് അശ്വിന്‍ നേരിട്ടത് . താന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല ശ്രദ്ധിക്കേണ്ടത് ബാറ്റ്‌സ്മാനായിരുന്നുവെന്നാണ് മത്സരശേഷം അശ്വിന്‍ പറഞ്ഞത്. എന്നാല്‍ ഇക്കുറി ഏതൊരു ക്രിക്കറ്റ് ആരാധകനും അറിയാവുന്ന നിയമം പാലിക്കാതെ മത്സരത്തിലെ വിജയം തന്നെ നഷ്ട്ടപെടുത്തിയിരിക്കുകയാണ് കിംഗ്സ് ഇലവന്‍ ക്യാപ്റ്റന്‍. അശ്വിന്റെ അബദ്ധം വിമര്‍ശകരും ആഘോഷമാക്കിയിരിക്കുകയാണ്.

കിംഗ്സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ നടന്ന ഐപിഎല്‍ മത്സരത്തിനിടെ അശ്വിന്റെ മങ്കാദിംഗ് ക്രിക്കറ്റ് ലോകത്ത് വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ജയ്പൂരില്‍ വെച്ച് നടന്ന മത്സരത്തില്‍ പഞ്ചാബ് താരം രവിചന്ദ്ര അശ്വിന്റെ മങ്കാദിംഗ് ക്രിക്കറ്റിന്റെ സ്പിരിറ്റിനെ കളങ്കപ്പെടുത്തിയെന്നാണ് മുഖ്യമായും ഉയരുന്ന വിമര്‍ശനം.

അശ്വിന്റെ എറിഞ്ഞ 13ാം ഓവറിലായിരുന്നു സംഭവം. പന്തെറിയുന്നതിന് മുമ്പെ ക്രീസ് വിട്ട ബട്ട്‌ലറിനെയാണ് അശ്വിന്‍ പുറത്താക്കിയത്. എന്നാല്‍ ക്രിക്കറ്റിന്റെ മാന്യതക്ക് ചേരാത്ത പ്രവൃത്തിയാണ് അശ്വിനില്‍ നിന്നുണ്ടായതെന്നാണ് വ്യാപക വിമര്‍ശം. മത്സരത്തില്‍ 14 റണ്‍സിനായിരുന്നു കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ജയം. 69 റണ്‍സാണ് ബട്ട്‌ലര്‍ നേടിയത്. നോണ്‍ സ്ട്രൈക്കിംഗ് ക്രീസില്‍ നിന്നു കയറിയ ജോസ് ബട്ട്‌ലറെ അശ്വിന്‍ റണ്ണൗട്ടാക്കുകയായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ തന്റെ വിക്കറ്റെടുത്തതിലുള്ള രോഷം പ്രകടിപ്പിച്ചാണ് ബട്ട്ലര്‍ കളം വിട്ടത്.