മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വോണ്‍ ഒരു സന്ദേശം അയച്ചിരുന്നു; വെളിപ്പെടുത്തി ഗില്‍ക്രിസ്റ്റ്

ഓസീസ് സ്പിന്‍ ഇതിഹാസം മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തനിക്ക് സന്ദേശമയച്ചിരുന്നെന്ന് വെളിപ്പെടുത്തി സഹതാരവും ഉറ്റ സുഹൃത്തുമായിരുന്ന ആദം ഗി്ല്‍ക്രിസ്റ്റ്. വോണ്‍ മരിക്കുന്നതിന് എട്ട് മണിക്കൂര്‍ മുന്‍പാണ് തനിക്ക് സന്ദേശം ലഭിച്ചതെന്ന് ഗില്‍ക്രിസ്റ്റ് പറഞ്ഞു.

‘മരിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് വോണിനോട് ഞാന്‍ ഫോണില്‍ സംസാരിച്ചത്. മരിക്കുന്നതിന് എട്ട് മണിക്കൂര്‍ മുന്‍പ് വോണില്‍ നിന്ന് ഒരു നല്ല സന്ദേശം എനിക്ക് കിട്ടി. പതിവായി എനിക്ക് സന്ദേശം അയക്കുന്നവരില്‍ ഒരാളാണ് വോണ്‍. ചര്‍ച്ചി എന്ന എന്റെ ഇരട്ടപ്പേര് വിളിക്കുന്ന ഒരാളുമാണ് വോണ്‍. ക്രിക്കറ്റ് ലോകത്ത് വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ആ പേര് അറിയുന്നത്.’

‘വോണ്‍ എപ്പോഴും എന്നെ ചര്‍ച്ചി എന്ന് വിളിച്ചിരുന്നത്. ചര്‍ച്ചി, റോഡ് മാര്‍ഷിന് ആദരാഞ്ജലി അര്‍പ്പിച്ച് എഴുതിയ കുറിപ്പ് നന്നായിരുന്നു. നന്നായി എഴുതി എന്ന സന്ദേശമാണ് വോണ്‍ മരിക്കുന്നതിന് എട്ട് മണിക്കൂര്‍ മുന്‍പ് എനിക്ക് അയച്ചത്. കുട്ടിക്കാലത്തെ എന്റെ ഹീറോകളില്‍ ഒരാളാണ് റോഡ് മാര്‍ഷ് എന്ന് വോണിന് അറിയാം. അതിനാലാണ് വോണ്‍ എനിക്ക് ആ സന്ദേശം അയച്ചത്. വോണില്‍ നിന്ന് അവസാനമായി എനിക്ക് ലഭിച്ച സന്ദേശം അതാണ്. അതൊരു ടെക്സ്റ്റ് മെസേജ് ആയിരുന്നു. ഞാന്‍ ഒരിക്കലും അത് ഡിലീറ്റ് ചെയ്യില്ല’ ഗില്‍ക്രിസ്റ്റ് പറഞ്ഞു.

തായ്‌ലന്‍ഡിലെ വില്ലയില്‍വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് വോണ്‍ മരണപ്പെട്ടത്. വോണിന്റെ മരണത്തെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങളാണ് നിലവിലുള്ളത്. ശരീരഭാരം കുറയ്ക്കാനുള്ള കഠിനമായ ചിട്ടകള്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരഭാരം കുറയ്ക്കാന്‍ അടുത്തിടെ ലിക്വിഡ് ഡയറ്റ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ താരം പരീക്ഷിച്ചിരുന്നു. ഇത്തരം കഠിനമായ ഡയറ്റുകള്‍ വോണിന്റെ ആരോഗ്യസ്ഥിതി സങ്കീര്‍ണമാക്കിയെന്നാണ് വിവരം.