താരങ്ങളുടെ സ്വകാര്യ ജീവിതം, റസാഖിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു

പാകിസ്ഥാന്‍ ലോകത്തിന് സമ്മാനിച്ച മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് അബ്ദുറസാഖ്. ഏകദിനത്തിലും ടെസ്റ്റിലുമായി ഏഴായിരത്തിലധികം റണ്‍സും മുന്നൂറ്റി അമ്പതിലധികം വിക്കറ്റും നേടിയിട്ടുളള ഈ താരം ഇപ്പോള്‍ തൊട്ടതെല്ലാം പിഴയ്ക്കുകയാണ്. അന്താരാഷ്ട്ര കരിയറിനിടെ തന്റെ വ്യക്തിജീവിതത്തെ കുറിച്ച് മനസ് തുറന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

തനിക്ക് അഞ്ചിലധികം അവിഹിത ബന്ധങ്ങള്‍ ഉണ്ടായിരുന്നെന്നാണ് റസാഖ് തുറന്നുപറയുന്നത്. ജീവിതത്തില്‍ അഞ്ചോ ആറോ വിവാഹേതര ബന്ധങ്ങളുണ്ടായിട്ടുണ്ടെന്നും ഈ ബന്ധങ്ങള്‍ക്കെല്ലാം ഒരു കാലാവധി ഉണ്ടായിരുന്നതായും ടിവി ഷോയ്ക്കിടെ റസാഖ് പറയുകയായിരുന്നു. ചില ബന്ധങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിച്ചപ്പോള്‍ മറ്റു ചിലത് ഒന്നര വര്‍ഷം വരെ നീണ്ടുനിന്നെന്നും പാക് താരം വെളിപ്പെടുത്തി.

ഈ ബന്ധങ്ങളെല്ലാം സംഭവിച്ചത് വിവാഹിതനായ ശേഷമാണെന്നും മുപ്പത്തിയൊമ്പതുകാരന്‍ കുറ്റസമ്മതം നടത്തി. റസാഖിന്റെ ഈ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് പാക് ക്രിക്കറ്റ് ആരാധകര്‍ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയ നിറയെ ഇതിനെ കുറിച്ചുള്ള ചര്‍ച്ചയാണ്.

നേരത്തെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ പരിശീലിപ്പിച്ച് മികച്ച ഒരു താരമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഹാര്‍ദ്ദിക്കിന്റെ ബാറ്റിംഗ് ടെക്‌നിക്കില്‍ പാളിച്ചകളുണ്ടെന്നും അത് പരിഹരിക്കാന്‍ തനിക്ക് സാധിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. തനിക്ക് രണ്ട് ആഴ്ച നല്‍കിയാല്‍ ഹാര്‍ദ്ദിക്കിനെ ലോകത്തിലേറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.