പോരാളിയായി ഹാര്‍ദ്ദിക്ക്; ഇന്ത്യയ്ക്ക് കൂട്ടത്തകര്‍ച്ച

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ദയനീയ ബാറ്റിംഗ് തകര്‍ച്ച. ദക്ഷിണാഫ്രിക്കയും 286 റണ്‍സിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റിന് 140 റണ്‍സ് എന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറിയുമായി ഹാര്‍ദ്ദിക്ക് പാണ്ഡ്യയും റണ്‍സൊന്നും എടുക്കാതെ ഭുവനേശ്വര്‍ കുമാറുമാണ് ക്രീസില്‍.

47 പന്തില്‍ 10 ബൗണ്ടറി സഹിതമാണ് ഹാര്‍ദ്ദിക്ക് അര്‍ധ സെഞ്ച്വറി നേടിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീഴ്ത്തിയ ഹാര്‍ദ്ദിക്ക് സിംഗിളുകള്‍ക്ക് പകരം ബൗണ്ടറികള്‍ കണ്ടെത്തിയാണ് റണ്‍സ് ചലിപ്പിക്കുന്നത്. ഹാര്‍ദ്ദിക്കിന്റെ ടെസ്റ്റിലെ രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയാണിത്.

മൂന്നിന് 28 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ടീം ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത് രോഹിത്ത് ശര്‍മ്മയുടെ വിക്കറ്റാണ്. ടീം സ്‌കോര്‍ 57ല്‍ നെില്‍ക്കെ റബാഡയുടെ പന്തില്‍ എല്‍ബി വിക്കറ്റിന് കുടുങ്ങുകയായിരുന്നു രോഹിത്ത്. 11 റണ്‍സാണ് രോഹിത്ത് സ്വന്തമാക്കിയത്. പിന്നീട് 26 റണ്‍ടുത്ത പൂജാര പിലാന്തറുടെ പന്തില്‍ ഡുപ്ലെസിസ് പിടിച്ച് പുറത്തായി.

അശ്വിന്‍ 12, സാഹ (0) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ പ്രകടനം. മൂന്ന് വിക്കറ്റ് വീഴ്ത്തിയ പിലാന്തറും രണ്ട് വിക്കറ്റ് വീഴ്ത്തിയ സ്റ്റെയിനുമാണ് ഇന്ത്യയ്ക്ക് പ്രഹരം ഏല്‍പിച്ചത്. മോര്‍ക്കലും റബാഡയും ഓരോവിക്കറ്റ് വീതവും സ്വന്തമാക്കി.

നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് ദക്ഷിണാഫ്രിക്കയെ മുന്നൂറിനുള്ളില്‍ പിടിച്ചുകെട്ടിയത്. ഒരുഘട്ടത്തില്‍ 12 റണ്‍സില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് വലിയ തകര്‍ച്ചയിലേക്ക് നീങ്ങിയ ദക്ഷിണാഫ്രിക്കയെ ഹാഫ് ഡുപ്ലേസി, ഡിവില്ലിയേഴ്സ് സംഘമാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇരുവരും 114 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. 84 പന്തുകള്‍ നേരിട്ട് 65 റണ്‍സടിച്ച ഡിവില്ലിയേഴ്സിനെ കന്നി ടെസ്റ്റിനിറങ്ങിയ ബുംറയാണ് പുറത്താക്കിയത്. ക്യാപ്റ്റന്‍ ഡുപ്ലേസിസ് 104 പന്തില്‍ നിന്ന് 62 റണ്‍സെടുത്താണ് കൂടാരം കയറിയത്. പാണ്ഡ്യക്കാണ് വിക്കറ്റ്.