യുഎഇയിലെ മൂന്നു എമിറേറ്റുകളില്‍ കാര്‍ ഫ്രീ ഡേ അടുത്ത മാസം

യുഎഇയിലെ മൂന്നു എമിറേറ്റുകളില്‍ കാര്‍ ഫ്രീ ഡേ അടുത്ത മാസം ആചരിക്കും. ദുബായ്, അജ്മാന്‍, റാസല്‍ഖൈമ എന്നീ മൂന്നു എമിറേറ്റുകളിലാണ് ഫെബ്രുവരി നാലിനു കാര്‍ ഫ്രീ ഡേ ആചരിക്കുന്നത്. ഇതിനു ദുബായ് മുനിസിപ്പാലിറ്റി നേതൃത്വം വഹിക്കും. പരിപാടിയില്‍ അല്‍ ഐന്‍, അജ്മാന്‍, റാസല്‍ഖൈമ എന്നീ മുനിസിപ്പാലിറ്റികളും സഹകരിക്കും.

ദിനം പ്രതി യുഎഇയിലെ ഗതാഗകുരുക്ക് വര്‍ധിക്കുകയാണ്. അതു കൊണ്ട് ജനങ്ങളെ ഒരു ദിവസമെങ്കിലും പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസ്സര്‍ ലൂത്ത അറിയിച്ചു. ഈ ദിവസം ജനങ്ങള്‍ സ്വന്തം കാറുകള്‍ നിരത്തിലറിക്കാതെ സഹകരിക്കണം. ഇതിലൂടെ പരിസ്ഥതി സംരക്ഷണം സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം പദ്ധതി 2010 ലാണ് ദുബായില്‍ ആദ്യമായി സംഘടിപ്പിച്ചത്. പദ്ധതിയില്‍ ഓരോ വര്‍ഷം കഴിയുമ്പോഴും ജനപങ്കാളിത്തം വര്‍ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ കാര്‍ ഫ്രീ ഡേയില്‍ 174 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം തടഞ്ഞിരുന്നു.