രാജ്യത്തിനു മുമ്പിലുള്ളത് വലിയ വെല്ലുവിളി, പെരുന്നാള്‍ ആഘോഷങ്ങളില്‍ ജാഗ്രത കൈവിടരുത്: ശൈഖ് മുഹമ്മദ്

കോവിഡ് സാഹചര്യത്തില്‍ പെരുന്നാള്‍ ആഘോഷങ്ങളില്‍ ജാഗ്രത കൈവിടരുതെന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ആഘോഷം ഇത്തവണ വീടിനകത്തു തന്നെയാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഞായറാഴ്ചയാണ്  യു.എ.ഇയില്‍ ചെറിയ പെരുന്നാള്‍.

“വലിയ വെല്ലുവിളിയാണ് രാജ്യത്തിനു മുന്നിലുള്ളത്. രോഗപ്രതിരോധകാര്യത്തില്‍ ഓരോരുത്തരും ഉത്തരവാദിത്വത്തോടെ പെരുമാറണം. കോവിഡ് പ്രതിരോധ ജാഗ്രതാനിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം. ഇതുവരെ കാണിച്ച ജാഗ്രതയില്‍ അഭിമാനമുണ്ട്. വൈറസ് വിട്ടകലുംവരെ ഇതേ ജാഗ്രത തുടരണം.” ശൈഖ് മുഹമ്മദ് പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ ചെറിയ പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ വെച്ച് നിര്‍വഹിക്കാമെന്നാണ് നിര്‍ദ്ദേശം. പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ ഒറ്റയ്‌ക്കോ കൂട്ടായോ നടത്താം. സൂര്യോദയത്തിന് 15- ഓ 30-ഓ മിനിട്ടുകള്‍ക്ക് ശേഷം മുതല്‍ ദുഹര്‍ നമസ്‌കാരത്തിനുള്ള സമയം ആരംഭിക്കുന്നത് വരെ, അതായത് ഉച്ച വരെയാണ് പെരുന്നാള്‍ നമസ്‌കാരത്തിനുള്ള സമയം.