ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: 7.5 കോടിയുടെ ഭാഗ്യം മലയാളിക്ക്

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 7.5 കോടിയിലേറെ രൂപ (10 ലക്ഷം ഡോളര്‍) സമ്മാനം. കോട്ടയം സ്വദേശിയായ വ്യവസായി രാജന്‍ കുര്യനാണ് (43) കോടിപതിയായത്. 2852 എന്ന നമ്പരിലുള്ള ടിക്കറ്റിലൂടെയാണ് ഭാഗ്യദേവതയുടെ അനുഗ്രഹം.

2019 ഒക്ടോബര്‍ മുതലാണ് രാജന്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുക്കാന്‍ തുടങ്ങിയത്. കെട്ടിടനിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജന് ബിസിനസ് മന്ദീഭവിച്ചിരിക്കുന്ന സമയത്താണ് ഭാഗ്യം തുണച്ചത്. കോവിഡ് സാഹചര്യങ്ങള്‍ സൃഷ്ടിച്ച വെല്ലുവിളികള്‍ക്കിടെ ലഭിച്ച അനുഗ്രഹമാണിതെന്നും രാജന്‍ പറഞ്ഞു.

സമ്മാനത്തുകയില്‍ നല്ലൊരു ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നല്‍കാനാണ് തീരുമാനം. കൂടാതെ, മക്കളായ ബ്രയാന്‍ കുര്യന്‍, ബെല്ല ആന്‍ കുര്യന്‍ എന്നിവരുടെ ഭാവിക്ക് വേണ്ടിയും ബിസിനസ് മെച്ചപ്പെടുത്താനും ഉപയോഗിക്കും.