കുവൈറ്റിലെ പ്രവാസി ക്വാട്ടാ സമ്പ്രദായം; നിലവിലുള്ളവരെ ബാധിക്കില്ല

കുവൈറ്റിലെ സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥയ്ക്ക് പരിഹാരമായി വിദേശ രാജ്യക്കാര്‍ക്ക് ക്വാട്ടാ സമ്പ്രദായം നടപ്പിലാക്കുന്നത് നിലവില്‍ രാജ്യത്തുള്ളവരെ ബാധിക്കില്ല. പകരം അതത് രാജ്യത്ത് നിന്നുള്ളവരുടെ എണ്ണം ക്വാട്ടാ പരിധിയില്‍ എത്തുന്നതുവരെ പുതിയതായി റിക്രൂട്ട്‌മെന്റുകള്‍ നടത്തരുതെന്നാണ് ബില്ലിലെ വ്യവസ്ഥ.

ബില്ലില്‍ അനുവദിച്ചിരിക്കുന്ന ക്വാട്ടയെക്കാള്‍ ആളുകളുള്ള രാജ്യത്ത് നിന്ന് പുതിയതായി റിക്രൂട്ട്‌മെന്റുകള്‍ നടത്തിയാല്‍ അനുമതി നല്‍കുന്ന ഉദ്യോഗസ്ഥന് ശിക്ഷയും ബില്ലിലുണ്ട്. 10 വര്‍ഷം വരെ തടവ്, ലക്ഷം ദിനാര്‍ വരെ പിഴയുമാണ് ശിക്ഷ. ജൂലൈ ആദ്യവാരമാണ് വിദേശ രാജ്യക്കാര്‍ക്ക് ക്വാട്ടാ സമ്പ്രദായം നടപ്പില്‍ വരുത്താനുള്ള കരട് ബില്ലിന് പാര്‍ലമെന്ററി ഉന്നത സമിതിയുടെ അംഗീകാരം നല്‍കിയത്. അഞ്ച് എംപിമാര്‍ ചേര്‍ന്ന് അവതരിപ്പിച്ച കരടുനിയമത്തിനാണ് സമിതി അംഗീകാരം നല്‍കിയത്.

ഇതനുസരിച്ച് കുവൈറ്റ് ജനസംഖ്യയുടെ 15 ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യക്കാരുണ്ടാകാന്‍ പാടില്ല. ഈജിപ്റ്റ്, ഫിലിപ്പീന്‍സ് എന്നീ രാജ്യക്കാര്‍ കുവൈറ്റ് ജനതയുടെ 10 ശതമാനത്തില്‍ കൂടാനും പാടില്ല. നേപ്പാള്‍, പാകിസ്ഥാന്‍, വിയറ്റ്‌നാം, എന്നീ രാജ്യക്കാര്‍ക്കിത് മൂന്നു ശതമാനവുമാണ്. 14.5 ലക്ഷം കുവൈറ്റികളും 30 ലക്ഷം വിദേശികളുമാണ് രാജ്യത്തുള്ളത്. ഇതില്‍ 10 ലക്ഷം പേര്‍ ഇന്ത്യക്കാരാണ്.

സര്‍ക്കാര്‍ മേഖലയിലുള്ള ഒരു ലക്ഷം വിദേശികളെ ഒരു വര്‍ഷത്തിനകം ഒഴിവാക്കണമെന്ന് എം.പിമാര്‍ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. അതിനേ തുടര്‍ന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയില്‍ വിദേശികളുടെ നിയമനം നിര്‍ത്തിവെയ്ക്കാനും നിലവില്‍ ജോലി ചെയ്യുന്ന വിദേശികളെ പിരിച്ചു വിടാനും ഉത്തരവായിരുന്നു.