കുവൈറ്റില്‍ 638 പേര്‍ക്ക് കൂടി കോവിഡ്; ആകെ മരണം 368

കുവൈറ്റില്‍ ഇന്നലെ 638 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ കണ്ടെത്തിയവരില്‍ 463 സ്വദേശികളും 175 പേര്‍ വിദേശികളുമാണ്. മൂന്നു പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 368 ആയി.

24 മണിക്കൂറിനിടെ 520 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ച 49,941 പേരില്‍ 40,463 പേരും രോഗവിമുക്തരായി. നിലവില്‍ 9110 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 157 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

അതേസമയം, ഓഗസ്റ്റ് ഒന്നിന് വാണിജ്യ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുകയാണ്. കുവൈറ്റില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ യാത്രയ്ക്ക് മുമ്പായി വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജമാക്കുന്ന ആരോഗ്യകേന്ദ്രത്തിലെത്തി പി സി ആര്‍ ടെസ്റ്റ് നടത്തണം.