സിക്ക് ലീവിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി; തൊഴിലാളിക്ക് മൂന്ന് വര്‍ഷം തടവ് വിധിച്ച് കോടതി

ജോലി സ്ഥലത്ത് നിന്ന് ലീവ് എടുക്കാൻ നമ്മൾ പല കള്ളങ്ങളും പറയും. പലപ്പോഴും അസുഖങ്ങളുടെയും ,ആശുപത്രി കേസുകളുടേയും പേരിലാകും ഭൂരിഭാഗം നുണകളും. കള്ളം പറയുന്നത് മനസിലാക്കാം, എന്നാൽ ആ കള്ളം സത്യമാക്കാൻ കൃത്രിമമായി രേഖയുണ്ടാക്കിയാലോ. അത് കേസാകുമെന്ന് ഉറപ്പാണ്. കുവൈത്തിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത വന്നിരിക്കുന്നത്.

സിക്ക് ലീവ് എടുക്കാന്‍ വേണ്ടി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയ ജീവനക്കാരനാണ് നിയമത്തിന് മുന്നിൽ കീഴടങ്ങേണ്ടതായി വന്നത്. കേസിൽ മൂന്നു വർഷത്തെ തടവാണ് ജീവനക്കാരന് കോടതി വിധിച്ചിരിക്കുന്നത്.അല്‍ ഖബസ് ദിനപ്പത്രമാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

അവധി എടുക്കാനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ദിവസങ്ങളില്‍ ഇയാള്‍ രാജ്യത്തെ ഒരു സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വ്യാജ രേഖ ചമച്ച് അനധികൃതമായി ലീവുകള്‍ സമ്പാദിച്ച കേസുകളില്‍ കോടതി ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്.

Read more

ഈ കേസില്‍ നേരത്തെ പ്രതിയെ ജാമ്യത്തില്‍ വിടാനുള്ള അപേക്ഷ കോടതി തള്ളിയിരുന്നു. ശിക്ഷിക്കപ്പെട്ട വ്യക്തിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.